കര്‍ണാടക: അന്തിമ സ്ഥാനാര്‍ഥിപ്പട്ടിക തയാര്‍

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള അവസാനത്തെ സ്ഥാനാര്‍ഥിപ്പട്ടികയുമായി കോണ്‍ഗ്രസും ബി.ജെ.പിയും. കോണ്‍ഗ്രസ് പുറത്തിറക്കിയ അവസാനഘട്ട പട്ടികയില്‍ അഞ്ചു പേരുകളാണുള്ളത്. 2018 ല്‍ വി. മുനിയപ്പ വിജയിച്ച സിദ്‌ലഘട്ട മണ്ഡലത്തില്‍ അദ്ദേഹത്തെ ഒഴിവാക്കി ബി.വി. രാജീവ് ഗൗഡയെ മത്സരിപ്പിക്കുന്നതാണ് അവസാന പട്ടികയിലെ ശ്രദ്ധേയമായ കാര്യം. ഇതിനുമുമ്പ് അഞ്ചു പട്ടികകളാണ് കോണ്‍ഗ്രസ് പുറത്തിറക്കിയിരുന്നത്.

ബി.ജെ.പിയുടെ നാലാമത്തെയും അവസാനത്തേതുമായ സ്ഥാനാര്‍ഥിപ്പട്ടിക ബുധനാഴ്ച രാത്രിതന്നെ പുറത്തുവന്നിരുന്നു. രണ്ട് സ്ഥാനാര്‍ഥികളാണ് ഈ പട്ടികയിലുണ്ടായിരുന്നത്. ശിവമോഗയില്‍ ചന്നബസപ്പയെ മത്സരിപ്പിക്കുമ്പോള്‍ സിറ്റിങ് എം.എല്‍.എയും മുതിര്‍ന്ന പാര്‍ട്ടിനേതാവുമായ കെ.എസ്. ഈശ്വരപ്പയുടെ മകന് ടിക്കറ്റ് നിഷേധിക്കുന്നതാണ് ബി.ജെ.പിയുടെ അന്തിമ പട്ടികയില്‍നിന്നു വ്യക്തമാകുന്ന ചിത്രം. മുന്‍ ഉപമുഖ്യമന്ത്രി കൂടിയായ ഈശ്വരപ്പ തെരഞ്ഞെടുപ്പു രാഷ്ര്ടീയത്തില്‍നിന്നു വിരമിക്കാനുള്ള തീരുമാനം അടുത്തിടെ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു.

ശിവമോഗ മണ്ഡലത്തില്‍നിന്ന് അഞ്ചു തവണ എം.എല്‍.എയായ തന്നെ ഇത്തവണ പരിഗണിക്കരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. പകരം ഈ സീറ്റ് തന്റെ മകന്‍ കെ.ഇ. കാന്തേഷിനു നല്‍കണമെന്നായിരുന്നു ആവശ്യം. സ്ഥാനാര്‍ഥിപ്പട്ടിക പൂര്‍ത്തിയായതോടെ ഇതാണു നിരാകരിക്കപ്പെട്ടത്. എന്നാല്‍ പാര്‍ട്ടിയോടു ദേഷ്യമില്ലെന്നും കേവല ഭൂരിപക്ഷത്തോടെ ബി.ജെ.പി. സര്‍ക്കാര്‍ രൂപീകരിക്കുമെന്നുമായിരുന്നു ഇതേക്കുറിച്ചുള്ള ഈശ്വരപ്പയുടെ പ്രതികരണം. പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നവരെ തിരിച്ചു കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ശിവമോഗയില്‍ സ്ഥാനാര്‍ഥിത്വം ആഗ്രഹിച്ചിരുന്ന മുതിര്‍ന്ന ബി.ജെ.പി. നേതാവ് ആയനൂര്‍ മഞ്ജുനാഥ് ബുധനാഴ്ച പാര്‍ട്ടി വിട്ട് ജെ.ഡി.എസില്‍ ചേര്‍ന്നു. ജെ.ഡി.എസ് ഇതേ മണ്ഡലത്തില്‍ അദ്ദേഹത്തിനു സീറ്റ് നല്‍കുകയും ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച (17/04/23) കോണ്‍ഗ്രസ് വിട്ടെത്തിയ ബി.വി. നായിക്കാണ് പട്ടികവര്‍ഗ സംവരണ മണ്ഡലമായ മാന്‍വിയിലെ ബി.ജെ.പി. സ്ഥാനാര്‍ഥി. അന്തിമ പട്ടികയില്‍ ഈ പേരുകൂടി ഉള്‍പ്പെട്ടതോടെ സംസ്ഥാനത്തെ 224 മണ്ഡലങ്ങളിലും ബി.ജെ.പി. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.

എന്നാല്‍ കോണ്‍ഗ്രസ് 223 സീറ്റുകളിലേ മത്സരിക്കുന്നുള്ളൂ. ഒരു സീറ്റ് സര്‍വോദയ കര്‍ണാടക പാര്‍ട്ടിക്ക് അവര്‍ വിട്ടുനല്‍കി. പുലകേശി നഗര്‍ അഖണ്ഡയില്‍ ശ്രീനിവാസ് മൂര്‍ത്തിക്ക് ടിക്കറ്റ് നിഷേധിച്ചുകൊണ്ടാണ് അവസാനത്തേതിനു തൊട്ടുമുമ്പുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവന്നത്. ദളിത് വിഭാഗത്തില്‍പ്പെട്ട മൂര്‍ത്തി 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 81,626 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിച്ച ആളാണ്. പാര്‍ട്ടി സീറ്റ് നിഷേധിച്ചതോടെ 19/04/23 ബുധനാഴ്ച അദ്ദേഹം സ്വതന്ത്ര സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മണ്ഡലത്തിലെ ജനങ്ങളില്‍ തനിക്കു വിശ്വാസമുണ്ടെന്നും തന്നെ അവര്‍ പിന്തുണയ്ക്കുമെന്നു പ്രതീക്ഷിക്കുന്നതായും മൂര്‍ത്തി പറഞ്ഞു.

മന്ത്രി ബൈരതി ബസവരാജിനെതിരേ ബംഗളുരുവിലെ കെ.ആര്‍. പുരയില്‍ ഡി.കെ. മോഹനെയാണ് കോണ്‍ഗ്രസ് മത്സരിപ്പിക്കുന്നത്. 2018 ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച െബെരതി ബസവരാജ് കോണ്‍ഗ്രസ്-ജനതാദള്‍ (സെക്കുലര്‍) സര്‍ക്കാരിന്റെ തകര്‍ച്ചയ്ക്കു വഴിതെളിച്ച 17 നിയമസഭാ സാമാജികരില്‍ ഒരാളാണ്. തുടര്‍ന്ന് 2019 ലെ ഉപതെരഞ്ഞെടുപ്പിലൂടെ ബി.ജെ.പി. ടിക്കറ്റില്‍ വിജയിച്ചെത്തിയാണ് അദ്ദേഹം മന്ത്രിയായത്. മേയ് 10 നു നടക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം 20/04/23 വ്യാഴാഴ്ചയാ യിരുന്നു. നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന 21/04/23 വെള്ളിയാഴ്ച നടക്കും. 24 വരെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാം. തെരഞ്ഞെടുപ്പു ഫലം മേയ് 13 ന് പ്രഖ്യാപിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →