വന്യജീവി ആക്രമണങ്ങൾക്കും വ്യാജ പരിസ്ഥിതി പ്രവർത്തകർക്കുമെതിരെ ജാഗ്രത മുന്നറിയിപ്പുമായി കർഷകനും കുടുംബവും വീട്ടുമുറ്റത്ത് പ്രതിഷേധ പതാക ഉയർത്തുന്നു

ഇടുക്കി: വന്യജീവി ആക്രമണങ്ങൾക്കും -വനം പരിസ്ഥിതി നിയമങ്ങൾക്കും വ്യാജപരിസ്ഥിതി പ്രവർത്തകർക്കുമെതിരെ കർഷകൻ സ്വന്തം വീടിനു മുന്നിൽ സമാധാന പതാക ഉയർത്തി പ്രതിഷേധിക്കുന്നു. ഏലം കാർഷിക രംഗത്തെ ഗവേഷണങ്ങൾക്ക് ദേശീയ പുരസ്കാരം ലഭിച്ച കർഷകനായ കട്ടപ്പനയിലെ റെജി ഞള്ളാനിയാണ് സ്വന്തം വീട്ടുമുറ്റത്ത് കറുപ്പും വെളുപ്പും കലർന്ന പതാക ഉയർത്തി വ്യക്തിഗത പ്രതിഷേധ പരിപാടിക്ക് തുടക്കമിട്ടിരിക്കുന്നത്. ഇടുക്കി ജില്ലയിലെ കർഷകരോട് സ്വന്തം നിലയിൽ വീട്ടുമുറ്റത്ത് പതാകകൾ ഉയർത്തി പ്രതിഷേധിക്കുവാൻ റെജി അഭ്യർത്ഥിക്കുന്നു. 23-4-2023 ന് ഞായറാഴ്ച രാവിലെ പത്തുമണിക്ക് ആണ് ആദ്യത്തെ സമാധാന പതാക ഉയർത്തുന്നത്.

കട്ടപ്പന നഗരസഭാ മുൻ ചെയർമാനും കൗൺസിലറുമായ ശ്രീ. ജോണി കുളമ്പള്ളിയും അതിജീവനപോരാട്ടവേദിയുടെ ചെയർമാൻ ശ്രീ. റസാക്ക് ചൂരവേലിയും ചേർന്ന് സമാധാന പതാക കൈമാറി വീടിനു മുന്നിൽ സ്ഥാപിക്കും. താഴെപ്പറയുന്നവയാണ് ഉന്നയിക്കുന്ന ആവശ്യങ്ങൾ,

  1. കാട്ടുമൃഗങ്ങളെ ഉപയോഗിച്ച് ജനങ്ങൾക്ക് നേരേ നടത്തുന്ന യുദ്ധം അവസാനിപ്പിക്കുക.
  2. 1972-ലേ വന്യജീവി നിയമം, 1980-ലെ വനനിയമം, 1986 ലെ പരിസ്ഥിതി നിയമം എന്നിവ റദ്ദാക്കുക.
  3. നാട്ടിലേക്ക് ഇറങ്ങുന്ന ആന,കടുവ, പുലി, വിഷപാമ്പുകൾ എന്നിവയെ പിടിച്ച് വിദേശത്തേയ്ക്ക് കയറ്റി അയക്കുക. ഇതുവഴി കോടികൾ സംസ്ഥാനത്തിന് വരുമാനം ലഭിക്കും. പ്രസ്തുത ജീവികൾക്ക് അവർക്കിണങ്ങുന്ന കാലാവസ്ഥയിൽ ജീവിക്കുവാനും കഴിയും.
  4. കേരളത്തിലെ ജനസംഖ്യാവർദ്ധനവ് കണക്കിലെടുത്ത് നിക്ഷിപ്ത വനഭൂമിയായി പ്രഖ്യാപിച്ച രണ്ടെണ്ണം ഒഴികെ ബാക്കിവരുന്ന സംസ്ഥാനത്തെ 21 സംരക്ഷിത വനഭൂമികളുടെ മുന്നോട്ടുള്ള നടപടിക്രമങ്ങൾ അവസാനിപ്പിച്ച് റവന്യൂ ഭൂമിയായിത്തന്നെ നിലനിർത്തി ഭവനരഹിതർക്ക് പതിച്ചുനൽകുക.
  5. നാൽപത്തിഏഴായിരം കോടി രൂപയിലധികം ഗ്രീൻ ഇന്ത്യ മിഷൻവഴി മാത്രം വനവൽക്കരണത്തിനായുള്ള ഫണ്ടു ലഭിച്ചതിനാൽ, പാവപ്പെട്ടവർ അടക്കുന്ന നികുതിപണത്തിൽ നിന്നും വനംവകുപ്പിന് ചില്ലിക്കാശുപോലും നൽകരുത്. സർക്കാർ ഖജനാവിൽ നിന്നും ശമ്പളവും എടുക്കരുത്.
  6. വനത്തിന്റെ അതിർത്തി സംരക്ഷണം സംസ്ഥാന പോലീസിനെ ഏൽപ്പിക്കുക.
  7. ഹരിത ട്രൈബൂണലുകൾ അടിയന്തിരമായി പിരിച്ചുവിടുക.
  8. ഇടുക്കി ജില്ലയെ സ്വയം ഭരണ അവകാശമുള്ള കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കുക. (ഡൽഹി മോഡൽ)
  9. വെസ്റ്റേൺഗട്ടിനെ ഐക്യരാഷ്ട്ര സംഘടനയുടെ ലോകപൈതൃക പട്ടികയിൽ നിന്നും ഒഴിവാക്കുക.
  10. കേരളത്തിലെ നിർമ്മാണ നിരോധനം എടുത്തുകളയുകയും, വീടും കെട്ടിടങ്ങളും പണിയുന്നതിനാവശ്യമായ മണലും മെറ്റിലും കല്ലും സമീപത്തുതന്നെ ഉറപ്പുവരുത്തി അമിതമായ നിർമ്മാണ ചിലവുകുറക്കുക.
  11. ജില്ലയിലെ പട്ടയ, ഭൂപ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കുക.
  12. സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്നതിനു തുല്യമായ പെൻഷൻ 56 വയസ്സ് പൂർത്തിയാകുന്ന എല്ലാവർക്കും ഉറപ്പുവരുത്തുക.
  13. സംസ്ഥാനത്തെ എല്ലാ കാർഷിക, ഉല്പാദക , ഉൽപന്നങ്ങൾക്ക് ഉൽപാദനചിലവിന്റെ അടിസ്ഥാനത്തിൽ തറവില നിശ്ചയിക്കുക.
  14. ഇഷ്ടപ്പെട്ട മൃഗങ്ങളോട് ചേർന്നു ജീവിക്കുവാൻ പരിസ്ഥിതി പ്രവർത്തകരെ വനത്തിനുള്ളിൽ താമസിപ്പിക്കുക. അവരുടേയും കുടുംബക്കാരുടേയും സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സ്വത്തുക്കളേ സംബന്ധിച്ച് അന്വേഷണം നടത്തുക. കാലിചായക്കുവകയില്ലാത്ത വ്യാജ പരിസ്ഥിതി വാദികൾക്ക് കോടികളുടെ ആസ്തി വന്നതെങ്ങനെയാണെന്ന് പറയണം.
  15. ഭൂമിയുടെ താരിഫു വിലയുടെ സ്റ്റാമ്പ് ഡൂട്ടി 2 ശതമാനമാക്കുക.
  16. മുഴുവൻ പരിസ്ഥിതിപ്രേമികളും ഫോറസ്റ്റ് ഉദ്യോഗസ്ഥരും വനത്തിനുള്ളിൽ താമസിക്കണം. ഇപ്പോൾ അവർ ഉപയോഗിച്ചുവരുന്ന കോൺക്രീറ്റ് കെട്ടിടങ്ങളും ഏ.സി റൂമുകളും കറണ്ടും, വാഹനങ്ങളും ടാറിട്ട റോഡുകളും ഫോണുകളും ഭുരിപക്ഷം വസ്ത്രങ്ങളും വരെ പരിസ്ഥിതിക്കെതിരായതിനാൽ അതിൽ നിന്നും അവരെ നിർബന്ധമായും ഒഴിവാക്കണം.

റെജിവെള്ളാനിയുടെ ഫോൺ നമ്പർ. 9447105070.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →