തിരുവനന്തപുരം: വാഹനങ്ങള്‍ ഓടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്! വി.ഐ.പികള്‍ ഒഴികെയുള്ളവരുടെ ഗതാഗതനിയമലംഘനങ്ങള്‍ക്കുനേരേ ”കണ്ണടയ്ക്കാന്‍” അറിയാത്ത നിര്‍മിതബുദ്ധി (എ.ഐ) ക്യാമറകള്‍ ഇന്നുമുതല്‍ 20-04- 2023, പണി തുടങ്ങും. ഡ്രൈവിങ്ങിലെ പിഴവുകള്‍ക്കു മോട്ടോര്‍ വാഹനവകുപ്പിന്റെ നോട്ടീസ് കൃത്യമായി വീട്ടിലെത്തും. ആദ്യഘട്ടത്തില്‍ 726 ക്യാമറകളാണു കര്‍മനിരതമാകുക. നിയമലംഘനം നടന്ന് പരമാവധി ആറുമണിക്കൂറിനുള്ളില്‍ മൊബൈല്‍ ഫോണില്‍ സന്ദേശവുമെത്തും.
പിഴയടയ്ക്കാത്ത വാഹനങ്ങള്‍ കരിമ്പട്ടികയിലാകും. നിയമലംഘനം എത്ര ക്യാമറയില്‍ പതിയുന്നോ അത്രയും പിഴയും ഉണ്ടാവും. ഉദാ: ഒരുദിവസം അഞ്ചുതവണ വ്യത്യസ്തസ്ഥലങ്ങളില്‍ മൊബൈലില്‍ സംസാരിച്ചുള്ള ഡ്രൈവിങ് ക്യാമറയില്‍ പതിഞ്ഞാല്‍ ഒന്നിന് 2000 രൂപ വീതം, ആകെ 10,000 രൂപ പിഴയടയ്‌ക്കേണ്ടിവരും. പിഴയടയ്ക്കാതെ മുങ്ങിയാല്‍ നികുതി അടയ്ക്കാന്‍ എത്തുമ്പോഴോ വാഹനം വില്‍ക്കുമ്പോഴോ പിടിവീഴും. പലിശയടക്കം പിഴയടയ്‌ക്കേണ്ടിവരും. സ്ഥിരമായ നിയമലംഘനങ്ങള്‍ക്കു ലൈസന്‍സ് റദ്ദാക്കും. എ.ഐ. ക്യാമറകള്‍ ഇല്ലാത്തിടത്തു പോലീസുമായി ചേര്‍ന്ന് നേരിട്ടുള്ള പരിശോധന തുടരും.
ഇരുചക്രവാഹനയാത്രികര്‍ക്കു ഹെല്‍മറ്റ്, കാറുകളില്‍ സീറ്റ് ബെല്‍റ്റ്, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ടുള്ള ഡ്രൈവിങ്, അമിതവേഗം, അനധികൃത പാര്‍ക്കിങ്, ട്രാഫിക് സിഗ്‌നല്‍ ലംഘനം എന്നിവയെല്ലാം എ.ഐ. ക്യാമറകള്‍ കൃത്യമായി പിടികൂടും. ഇരുചക്രവാഹനത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ, രണ്ടിലേറെപ്പേരുടെ യാത്രയും കുറ്റകരമാണ്. നാലുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രികര്‍ക്കൊപ്പമായിരിക്കണം കൈക്കുഞ്ഞുങ്ങള്‍. 800 മീറ്റര്‍ പരിധിയിലെ നിയമലംഘനങ്ങള്‍ ക്യാമറയില്‍ പതിയും. റോഡ് അപകടങ്ങള്‍ കുറയ്ക്കാനും വാഹനം തടഞ്ഞുള്ള പരിശോധന ഒഴിവാക്കാനുമാണ് എ.ഐ. ഫുള്ളി ഓട്ടോമേറ്റഡ് ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് സിസ്റ്റം ഉപയോഗിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് തീരുമാനിച്ചത്. ഇതിലൂടെ ഗതാഗതനിയമലംഘനങ്ങള്‍ക്കു പ്രതിദിനം 30,000 നോട്ടീസുകള്‍ അയയ്ക്കാനാകും. നമ്പര്‍ പ്ലേറ്റ് വ്യക്തമാകത്തക്കവിധം ഒരേസമയം ഒന്നിലേറെ ഫോട്ടോകള്‍ എ.ഐ. ക്യാമറകള്‍ പകര്‍ത്തും. ഇവ ജില്ലാ കണ്‍ട്രോള്‍ റൂമുകളില്‍ പരിശോധിച്ചശേഷമാകും നടപടികളിലേക്കു കടക്കുക.
വി.ഐ.പികളെ
കണ്ടാല്‍ കണ്ണടയ്ക്കും
വി.ഐ.പി. വാഹനങ്ങളെ പിഴയില്‍നിന്ന് ഒഴിവാക്കി. മുഖ്യമന്ത്രി, മന്ത്രി, സ്പീക്കര്‍, പ്രതിപക്ഷനേതാവ്, ജഡ്ജിമാര്‍, മറ്റ് പ്രധാനപദവികള്‍ വഹിക്കുന്നവര്‍, ക്രമസമാധാനപാലനത്തിനായി ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ എന്നിവരെയാണ് ഒഴിവാക്കുന്നതെന്നു മോട്ടര്‍ വാഹനവകുപ്പ് അറിയിച്ചു. ഇതനുസരിച്ച് സോഫ്റ്റ്‌വേറില്‍ സജ്ജീകരണം ഏര്‍പ്പെടുത്തി.
ദൃശ്യങ്ങള്‍ മറ്റ് വകുപ്പുകള്‍ക്കും
എ.ഐ. ക്യാമറയില്‍നിന്നുള്ള വിവരങ്ങളും ദൃശ്യങ്ങളും മോട്ടോര്‍ വാഹനവകുപ്പ് പോലീസ്, എക്‌സൈസ്, ജി.എസ്.ടി. വകുപ്പുകളുമായും പങ്കിടും. നിരീക്ഷണം, തെളിവുശേഖരണം, പകര്‍ത്തല്‍ എന്നിങ്ങനെയാണ് എ.ഐ. ക്യാമറകളുടെ പ്രവര്‍ത്തനരീതി. ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ്, അപകടമുണ്ടാക്കി നിര്‍ത്താതെ പോകുന്ന വാഹനങ്ങള്‍ എന്നിവ കണ്ടെത്താന്‍ 675 ക്യാമറകളുണ്ട്. അനധികൃത പാര്‍ക്കിങ് കണ്ടെത്താന്‍ 25, അമിതവേഗം കണ്ടെത്താന്‍ നാല്, സിഗ്നല്‍ ലംഘനം കണ്ടെത്താന്‍ 18 ക്യാമറകള്‍ സജ്ജീകരിച്ചിട്ടുണ്ട്. മോട്ടോര്‍ വാഹനവകുപ്പിനു പുറമേ പോലീസും കൂടുതല്‍ ക്യാമറകള്‍ ഉടന്‍ സ്ഥാപിക്കും. വീഡിയോ സ്‌കാനിങ് സോഫ്റ്റ്‌വേര്‍ ഉപയോഗിച്ച് വാഹനങ്ങളുടെ നീക്കം നിരീക്ഷിക്കും. മണ്‍വിളയിലെ കെല്‍ട്രോണ്‍ സെന്റര്‍ ഡേറ്റാ ബാങ്കിലാണു ദൃശ്യങ്ങള്‍ ശേഖരിക്കുക. ഇവ തരംതിരിച്ച് ജില്ലാ കണ്‍ട്രോള്‍ റൂമുകള്‍ക്കു കൈമാറും. അവിടെനിന്ന് നാഷണല്‍ ഡേറ്റാ ബേസിനു കൈമാറി ഇ-ചെലാന്‍ സൃഷ്ടിക്കും.
ക്യാമറ കാണുമ്പോള്‍
വേഗം കുറച്ചിട്ട് കാര്യമില്ല
ദേശീയപാതയില്‍ സ്പീഡ് ക്യാമറകള്‍ പരസ്പരം ബന്ധിപ്പിച്ചിട്ടുണ്ട്. ക്യാമറ കാണുമ്പോള്‍ വേഗം കുറച്ചിട്ട് പിന്നീട് കൂട്ടിയാലും പിടിക്കപ്പെടും. റോഡിന്റെ മധ്യഭാഗത്തുള്ള വെള്ള, മഞ്ഞ വരകള്‍ തുടര്‍ച്ചയായി മുറിച്ചുകടക്കാന്‍ പാടില്ല.
ഇരട്ട മഞ്ഞവരകള്‍ ഡിവൈഡറുകളായി പരിഗണിക്കണം. ഇടവിട്ട വെള്ള വരകളുള്ളിടത്ത് ഓവര്‍ടേക്ക് ചെയ്യാം. ഇടതുവശത്തെ മഞ്ഞവരയുള്ളിടത്ത് പാര്‍ക്കിങ് പാടില്ല. സ്‌കൂള്‍ മേഖലകളില്‍ 30 കിലോമീറ്ററാണു വേഗപരിധി. തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി നഗരങ്ങളില്‍ 50 കിലോമീറ്റര്‍ വേഗപരിധി. സംസ്ഥാനപാതയില്‍ കാറുകള്‍ക്ക് 80 കിലോമീറ്ററും ദേശീയപാതയില്‍ 85 കിലോമീറ്ററും.

