റിയാദ് : സൗദി അറേബ്യയിൽ വിവിധയിടങ്ങളിൽ കനത്ത മഴയും മഞ്ഞുവീഴ്ചയും തുടരുന്നു. സൗദിയിലെ റിയാദ് – തായിഫ് റോഡിൽ ഉണ്ടായ കനത്ത മഞ്ഞുവീഴ്ച മൂലം റോഡ് ഗതാഗതം തടസപ്പെട്ടു. റോഡിൽ കുമിഞ്ഞുകൂടിയ മഞ്ഞുകട്ടകൾ നഗരസഭയുടെ നേതൃത്വത്തിൽ നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പ്രധാന റോഡുകളിലും ഉത്തര തായിഫിലെ വിവിധ ജില്ലകളിലും കനത്ത മഞ്ഞുവീഴ്ചയാണ് അനുഭവപ്പെട്ടത്. ഉംറ സീസൺ ആയതിനാൽ റിയാദ്തായിഫ് റോഡിൽ നല്ല തിരക്കാണ്. ഇതിനിടയിൽ മഞ്ഞുകൂനകൾ റോഡ് ഗതാഗതത്തെ തടസ്സപ്പെടുത്തി. തായിഫിലെ ചിലയിടങ്ങളിൽ കനത്ത മഴയും അനുഭവപ്പെട്ടു.
അൽ ശർഖിയ്യ, അൽ ഹൽഖ ജില്ലകളിലാണ് കനത്ത ആലിപ്പഴ വർഷം ഉണ്ടായത്. നഗരസഭയും വിവിധ വകുപ്പുകളും ഏകോപനം നടത്തി റോഡുകളിലെ തടസ്സം ഒഴിവാക്കി ഗതാഗതം സുഗമമാക്കി. വരുന്ന ദിവസങ്ങളിൽ രാജ്യത്ത് മിതശീത കാലാവസ്ഥ ദൃശ്യമാകുമെന്നും ഈദിനെ തുടർന്നുളള ദിവസങ്ങളിൽ ചാറ്റൽ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റിയാദ്, അൽഖസിം, ഹായിൽ, ദമാം തീരപ്രദേശങ്ങൾ എന്നിവിടങ്ങളിലും മഴ ലഭിക്കും.