ദില്ലി : ഗവർണർ സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത് ഭരണഘടന സംരക്ഷിക്കാനാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഡൽഹിയിൽ പറഞ്ഞു. ഭരണഘടനാ വിരുദ്ധമായ നടപടികൾക്ക് അംഗീകാരം നൽകാനാകില്ലെന്ന് ഗവർണർ ആവർത്തിച്ചു. അതുകൊണ്ടുതന്നെ ഭരണഘടനാ വിരുദ്ധമായ ബില്ലുകളിൽ ഒപ്പിടാനാകില്ലെന്ന നിലപാടിലുറച്ച് ഗവർണർ. ബില്ലുകൾക്ക് അംഗീകാരം നൽകുന്നതിന് കേന്ദ്രവുമായി കൂടിയാലോചിക്കണമെന്നതാണ് ചട്ടം.
ഒരു ഇടവേളയ്ക്ക് ശേഷമാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് ബില്ലുകളിൽ ഒപ്പിടാനാകില്ലെന്ന മുൻ നിലപാട് ആരിഫ് മുഹമ്മദ് ഖാൻ വീണ്ടും ആവർത്തിച്ചിരിക്കുന്നത്.
ഇന്ത്യ ജനാധിപത്യ രാജ്യമായതിനാൽ തന്നെ പ്രമേയങ്ങൾ പാസാക്കാൻ നിയമസഭകൾക്ക് അധികാരമുണ്ടെന്നാണ് ഡൽഹിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞത്. അതേസമയം തന്നെ ബില്ലുകൾ ഒപ്പിടുന്ന കാര്യത്തിൽ കേന്ദ്രവുമായി കൂടിയാലോചിക്കണമെന്നത് ചട്ടമാണെന്നും ഭരണഘടനാ വിരുദ്ധമായ ഒരു നീക്കവും തന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്നും ഗവർണർ പറഞ്ഞു

