ആലപ്പുഴ: മീറ്ററില്ലാതെ ഓടുകയും അധിക ചാർജ്ജ് വാങ്ങുന്നുവെന്നുമുള്ള പരാതിയിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന ആരംഭിച്ചു. ഓപ്പറേഷൻ ഫെയർ മീറ്റർ എന്ന പേരിൽ നടത്തുന്ന പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയത് നിരവധി ഓട്ടോറിക്ഷകളിലാണ്. ഇതിൽ 58 ഓട്ടോറിക്ഷകൾക്കെതിരെ നടപടി സ്വീകരിച്ചുവെന്ന് എം വി ഡി ഉദ്യോഗസ്ഥർ അറിയിച്ചു. ആലപ്പുഴ ആർ ടി ഒ സജിപ്രസാദിന്റെ നിർദേശ പ്രകാരമായിരുന്നു എം വി ഡി ഉദ്യോഗസ്ഥരുടെ പ്രത്യേക പരിശോധന.
ഫിറ്റ്നസ് ഇല്ലാതെ സർവീസ് നടത്തിവന്ന 5 വാഹനങ്ങളും ഇൻഷുറൻസ് ഇല്ലാത്ത മൂന്ന് വാഹനങ്ങളും നികുതി അടക്കാത്ത ഒരു വാഹനവും പിടിച്ചെടുത്തതായും എം വി ഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഡ്രൈവിംഗ് ലൈസൻസ് യഥാസമയം പുതുക്കാതെ സർവീസ് നടത്തിയ അഞ്ച് ഓട്ടോ ഡ്രൈവർമാർക്കെതിരെയും നടപടി സ്വീകരിച്ചു. മോട്ടർവെഹിക്കിൾ ഇൻസ്പെക്ടർമാരായ കെ ആർ തമ്പി, കിഷോർ രാജ്, പ്രേംജിത്ത്, ബിജോയ്, രഞ്ജിത്ത്, ഷിബുകുമാർ തുടങ്ങിയവരാണ് പരിശോധനയിൽ പങ്കെടുത്തത്.

