ഈശ്വരപ്പയ്ക്കു പിന്നാലെ ഷെട്ടാറിനെയും തഴഞ്ഞു

ബംഗളുരു: കര്‍ണാടക ബി.ജെ.പിയില്‍ ബി.എസ്. യെദിയൂരപ്പയ്ക്കുശേഷം കൂടുതല്‍ മുതിര്‍ന്ന നേതാക്കള്‍ രാഷ്ട്രീയ വനവാസത്തിലേക്ക്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മകനു സ്ഥാനാര്‍ഥിത്വം ആവശ്യപ്പെട്ട് ഇടഞ്ഞുനിന്ന മുന്‍ ഉപമുഖ്യമന്ത്രി കെ.എസ്. ഈശ്വരപ്പ ഇത്തവണ മത്സരിക്കാനില്ലെന്നു വ്യക്തമാക്കി ബി.ജെ.പി. ദേശീയാധ്യക്ഷന്‍ ജെ.പി. നഡ്ഡയ്ക്കു കത്തയച്ചു.

തൊട്ടുപിന്നാലെ, പാര്‍ട്ടി തന്നോടു മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടെന്നു വ്യക്തമാക്കി മുന്‍മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറും രംഗത്തെത്തി. എന്തു വില കൊടുത്തും മത്സരിക്കുമെന്നാണ് ഷെട്ടാറിന്റെ ഭീഷണി.മേയ് 10-നു നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ഥിപ്പട്ടിക ബി.ജെ.പി. പുറത്തിറക്കാനിരിക്കേയാണു മുതിര്‍ന്നനേതാക്കളുടെ പടിയിറക്കം. ഈശ്വരപ്പയും ഷെട്ടാറും സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടംപിടിച്ചിട്ടില്ലെന്നാണു സൂചന. സ്ഥാനാര്‍ഥിത്വം ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണു മത്സരിക്കാനില്ലെന്നു വ്യക്തമാക്കി ഈശ്വരപ്പ കേന്ദ്രനേതൃത്വത്തിനു കത്തയച്ചതെന്നും സൂചനയുണ്ട്.

ഒരു കുടുംബത്തില്‍നിന്ന് ഒരാള്‍ക്കു മാത്രം സ്ഥാനാര്‍ഥിത്വം എന്ന പാര്‍ട്ടി നയമനുസരിച്ച് ഈശ്വരപ്പയ്‌ക്കോ മകനോ ആര്‍ക്കെങ്കിലും ഒരാള്‍ക്കേ സീറ്റ് നല്‍കൂവെന്നതായിരുന്നു കേന്ദ്രനേതൃത്വത്തിന്റെ നിലപാട്. ഇക്കുറി മാറിനില്‍ക്കണമെന്ന പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശം ജഗദീഷ് ഷെട്ടാര്‍ അംഗീകരിച്ചിട്ടില്ല. തനിക്ക് ഒരവസരംകൂടി നല്‍കണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

”യുവാക്കള്‍ക്കുവേണ്ടി മാറിനില്‍ക്കണമെന്നാവശ്യപ്പെട്ട് എനിക്ക് കേന്ദ്രനേതൃത്വത്തില്‍നിന്നു ഫോണ്‍ സന്ദേശം ലഭിച്ചു. എനിക്കു സ്ഥാനാര്‍ഥിത്വം നിഷേധിക്കണമെങ്കില്‍ മൂന്നുനാല് മാസം മുമ്പേ അതു ചെയ്യാമായിരുന്നു. കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം എന്നെ മുറിപ്പെടുത്തി. എനിക്കു സ്ഥാനാര്‍ഥിത്വം നല്‍കണമെന്നു പാര്‍ട്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അറിയിക്കാമെന്നാണു മറുപടി ലഭിച്ചത്”- ഷെട്ടാര്‍ പറഞ്ഞു.

തന്നെ മാറ്റിനിര്‍ത്താനുള്ള കാരണം നേതൃത്വത്തോടു ചോദിച്ചെന്നും ഷെട്ടാര്‍ വ്യക്തമാക്കി. ”പാര്‍ട്ടിക്കുവേണ്ടി 30 വര്‍ഷമായി പ്രവര്‍ത്തിക്കുന്നു. ആറുതവണ ഒരു മണ്ഡലത്തില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ടു. എന്നെ സംബന്ധിച്ച് സര്‍വേ ഫലങ്ങള്‍ അനുകൂലമാണ്. ഒരു അഴിമതിയാരോപണവും എനിക്കെതിരേയില്ല. പാര്‍ട്ടിയില്‍ മറ്റ് ചുമതലകള്‍ എനിക്കു വാഗ്ദാനം ചെയ്യപ്പെട്ടു. മുതിര്‍ന്നനേതാക്കളോടു ബഹുമാനം കാട്ടണം. തീരുമാനം പുനഃപരിശോധിക്കണമെന്നു ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചചെയ്യാമെന്നാണു പറഞ്ഞത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി അവസരം നല്‍കുമെന്ന് എനിക്കുറപ്പുണ്ട്”- ഷെട്ടാര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →