ആലുവ: ലൈംഗിക അതിക്രമം നടത്തിയതായി പരാതി. മേക്കപ്പ് ആർട്ടിസ്റ്റായ യുവതിയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ബാംഗ്ലൂരിൽ ഫോട്ടോഷൂട്ട് ഉണ്ടെന്ന് കള്ളം പറഞ്ഞ് ആലുവ സ്വദേശിയും ഫോട്ടോഗ്രാഫറുമായ ലിജോ തന്നെ കൊണ്ടുപോവുകയും അവിടെവച്ച് ലൈംഗിക അതിക്രമം നടത്തിയെന്നുമാണ് പരാതി. 2023 മാർച്ച് 30 നായിരുന്നു കേസിനാസ്പദമായ സംഭവം. സംഭവത്തിൽ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും അന്വേഷണം ഫലപ്രദമായി നടക്കുന്നില്ലെന്നും, താൻ തെറ്റ് ചെയ്തത് പോലെയാണ് പൊലീസ് പെരുമാറുന്നതെന്നും യുവതി പറഞ്ഞു.
ഫോട്ടോഷൂട്ടിന് വേണ്ടിയാണ് പരാതിക്കാരിയും ഫോട്ടോഗ്രാഫറായ ലിജോ ആലുങ്കലും ആലുവ ബൈപ്പാസിൽ നിന്നും ബാംഗ്ലൂരിലേയ്ക്ക് പോയത്. ബസ്സിൽ വെച്ച് ലിജോ പരാതിക്കാരിയോട് ലൈംഗിക ചുവയോട് കൂടി സംസാരിച്ചു. എന്നാൽ തനിക്ക് ഇതിനോട് താല്പര്യം ഇല്ലെന്നും അത്തരത്തിൽ കാണുകയാണെങ്കിൽ ഇവിടെ ഇറങ്ങുകയാണെന്നും പരാതിക്കാരി പറഞ്ഞു. ഇതിൽ പിന്നീട് ലിജോ മാപ്പ് പറയുകയും ചെയ്തു. തുടർന്ന് ബാംഗ്ലൂർ മജസ്റ്റിക്കിലുള്ള ഒരു ഹോട്ടലിൽ എത്തി. എന്നാൽ രണ്ടുപേർക്കും കൂടി ഒറ്റ റൂം ആയിരുന്നു ലിജോ ബുക്ക് ചെയ്തിരുന്നത്. തനിക്ക് വേറെ റൂം വേണമെന്ന് യുവതി ആവശ്യപ്പെട്ടപ്പോൾ പൈസയ്ക്ക് ചെറിയ ബുദ്ധിമുട്ടുള്ളതുകൊണ്ടാണെന്ന് പറഞ്ഞു. പിന്നീട് റൂമിലെത്തിയപ്പോൾ ലിജോ യുവതിക്ക് നേരെ കടന്നു പിടിക്കാൻ ശ്രമിക്കുകയായിരുന്നു.
മുറിയിൽ വച്ച് കുറച്ചു കഴിഞ്ഞപ്പോൾ ഷൂട്ട് നടക്കില്ലെന്നും മോഡൽ വരില്ലെന്നും ലിജോ യുവതിയോട് പറഞ്ഞു. പിന്നീട് നാട്ടിലെത്തിയ യുവതി ഇക്കാര്യം സുഹൃത്തുക്കളോട് പറഞ്ഞപ്പോൾ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് മോഡലിനോട് സംസാരിച്ചു. എന്നാൽ താനെത്തില്ലെന്ന് ലിജോ തന്നെ കൊണ്ട് പറയിപ്പിച്ചതാണ് എന്നായിരുന്നു മോഡലിന്റെ മറുപടി.
തുടർന്ന് യുവതി പാലാരിവട്ടം സ്റ്റേഷനിൽ പരാതി നൽകാൻ ചെല്ലുകയും തങ്ങളുടെ സ്റ്റേഷൻ പരിധി അല്ലാത്തതിനാൽ ഇൻഫോപാർക്ക് സ്റ്റേഷനിൽ പരാതി നൽകാനും പറഞ്ഞു. പിന്നീട് ഇൻഫോപാർക്ക് സ്റ്റേഷനിൽ ചെല്ലുകയും ഈസ്റ്റ് സ്റ്റേഷനിൽ പരാതി നൽകാൻ പറഞ്ഞതിനെ തുടർന്ന് ഏപ്രിൽ ആറിന് പരാതി നൽകുകയും ഏഴാം തീയതി എഫ്‌ഐആർ രേഖപ്പെടുത്തുകയും ചെയ്തു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും നടപടി ഒന്നുമായില്ല. കേസിന്റെ തുടർനടപടികളെ കുറിച്ച് ചോദിച്ചപ്പോൾ താൻ തെറ്റ് ചെയ്തപോലെയായിരുന്നു പൊലീസിന്റെ പെരുമാറ്റമെന്നും യുവതി പറഞ്ഞു.

