ഇന്ത്യ കാണാൻ ഓട്ടോറിക്ഷയിൽ വിദേശ സംഘം

തിരുവനന്തപുരം: ഇന്ത്യ കാണാൻ ഓട്ടോറിക്ഷയിലൊരു സഞ്ചാരം. ഒന്നും രണ്ടുമല്ല, 11 ഓട്ടോകളുണ്ട് ! ഇംഗ്ലണ്ട്, ന്യൂസീലൻഡ്, ഓസ്ട്രേലിയ, ജർമനി എന്നിവിടങ്ങളിൽ നിന്നുള്ള 22 സഞ്ചാരികളാണ് 2023 ഏപ്രിൽ 11ന് തിരുവനന്തപുരത്ത് നിന്നും ഗോവയിലേക്ക് തിരിച്ചത്. ‘മലബാർ റാംപേജ്’ എന്നാണ് യാത്രയ്ക്കു നൽകിയിരിക്കുന്ന പേര്. പ്രത്യേകം ഡിസൈൻ ചെയ്ത പല വർണങ്ങളിലുള്ള ഓട്ടോകളാണ് ഒരുക്കിയിരിക്കുന്നത്. ഓരോ ഓട്ടോയിലും അതിൽ യാത്ര ചെയ്യുന്നവർ സ്വന്തമായി ഒരു പേരും നൽകിയിട്ടുണ്ട്.

യുകെയിൽ നിന്നുള്ള സഞ്ചാരികളായ ജോർദാൻ അമേൻ പൂളും ബെക്കിയും സഞ്ചരിക്കുന്ന ഓട്ടോയുടെ പേര് ‘സ്വീറ്റ് കരോലിൻ’ എന്നാണ്. ബെക്കിയുടെ അമ്മയുടെ പേരാണ് കരോലിൻ. ചെന്നൈയിലെ ‘റിക്ഷാ ചാലഞ്ച്’ എന്ന സംഘടനയാണ് ഇവർക്കു സഞ്ചരിക്കാനായി ഓട്ടോറിക്ഷകൾ നൽകിയിരിക്കുന്നത്. ‘സുഖകരമായ യാത്ര, ഓരോ സ്ഥലങ്ങൾ സ്വസ്ഥമായി കാണാനും പാർക്കിങ്ങിനും വിശ്രമത്തിനുമെല്ലാം സൗകര്യം. അതിനാലാണ് ഓട്ടോ തെരഞ്ഞെടുത്തത്’– ജോർദാൻ പറയുന്നു.

കേരളത്തിൽ കൊച്ചി, തൃശൂർ, കോഴിക്കോട്ട് നഗരങ്ങൾ വിശദമായി കാണാനാണ് യാത്രാസംഘത്തിന്റെ പ്ലാൻ. വിവിധ രാജ്യങ്ങളിൽ നിന്നെത്തി തിരുവനന്തപുരത്ത് സംഗമിച്ച ശേഷമാണ് ഇവർ യാത്ര ആരംഭിക്കുന്നത്. ‘ഇവിടെ റോഡുകൾ തിരക്കേറിയതാണ്. അതിനാൽ ശ്രദ്ധ അൽപം കൂടുതൽ നൽകേണ്ടിവരും’ ബെക്കി പറയുന്നു. യാത്രാവേളകളിൽ ചിത്രങ്ങളും കുറിപ്പുകളുമൊക്ക എടുത്ത് ഇന്ത്യയെക്കുറിച്ചൊരു പുസ്തകമെഴുതാനും വിഡിയോകൾ നിർമിക്കാനും സഞ്ചാരികൾക്കു പദ്ധതിയുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →