പ്രതികള്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത് വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ

പട്‌ന: രാമനവമി ഘോഷയാത്രയ്ക്കിടെ ബിഹാറിലുണ്ടായ വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ കൂടി അറസ്റ്റിലായി. ബിഹാര്‍ പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം (ഇ.ഒ.യു) 09/04/23 ഞായറാഴ്ചയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. വിവിധ സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം പ്രചരിപ്പിക്കാന്‍ പ്രതികള്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ ഉപയോഗിച്ചിരുന്നതായും ഇതിനിടെ കണ്ടെത്തിയിട്ടുണ്ട്.

മറ്റു ചില കേസുകളില്‍ ഉള്‍പ്പെട്ടവരും വര്‍ഗീയ കലാപക്കേസില്‍ പോലീസ് അന്വേഷിക്കുന്നവരുമായ രണ്ടു പ്രതികള്‍ 09/04/23 ഞായറാഴ്ച പോലീസിനു മുന്നില്‍ കീഴടങ്ങിയിരുന്നു. ഇവര്‍ ഉള്‍പ്പെടെയുള്ള അഞ്ചുപേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അന്വേഷണസംഘം കോടതിയുടെ അനുമതി തേടും. കീഴടങ്ങിയ പ്രതികള്‍ക്ക് ഏതെങ്കിലും പ്രത്യേക സംഘടനയുമായി ബന്ധമുണ്ടോ എന്നതിനെക്കുറിച്ചും അന്വേഷിക്കും.

പ്രതികള്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി വിവിധ സമുദായങ്ങള്‍ക്കെതിരേ വിദ്വേഷം പടര്‍ത്തിയിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. സമുദായങ്ങള്‍ക്കെതിരേ വ്യാജ വീഡിയോസന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ ആളുകളെ ഇവര്‍ പ്രേരിപ്പിച്ചു. ഇവരില്‍നിന്നു കണ്ടെടുത്ത മൊബൈല്‍ ഫോണുകള്‍ കൂടുതല്‍ പരിശോധിച്ചുവരുന്നതായും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ വ്യാജ വീഡിയോകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവരെ പിടികൂടാന്‍ പ്രത്യേക അന്വേഷണം നടത്തുന്നുണ്ട്. ഇതിനായി കര്‍ശന നിരീക്ഷണം നടത്തുന്നുണ്ട്.

അക്രമം പൊട്ടിപ്പുറപ്പെട്ട പ്രദേശങ്ങളില്‍ ക്രമസമാധാന നില ഇതിനോടകം പുനഃസ്ഥാപിച്ചിട്ടുണ്ട്, സ്ഥിതിഗതികള്‍ ഇപ്പോള്‍ പൂര്‍ണമായും നിയന്ത്രണത്തിലാണ്. സംഭവത്തോടനുബന്ധിച്ച് ഇരുപതോളം കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തു. ഇരുനൂറിലധികം പേരെ അറസ്റ്റ് ചെയ്തു. കൂടുതല്‍ കുറ്റവാളികളെ തിരിച്ചറിയാന്‍ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും ഉന്നത പോലീസുദ്യോഗസ്ഥര്‍ അറിയിച്ചു. സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നു ഭയന്ന് നിരവധി പേര്‍ കീഴടങ്ങാന്‍ തുടങ്ങിയിട്ടുണ്ടെന്നും വാര്‍ത്തകളുണ്ട്.

രാമനവമി ആഘോഷങ്ങള്‍ക്കിടെയുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് ബിഹാറിലെ സസാരാം, നളന്ദ ജില്ലകളിലാണ് വര്‍ഗീയകലാപം പൊട്ടിപ്പുറപ്പെട്ടത്. ഒരു മരണമുള്‍പ്പെടെ വന്‍ നാശനഷ്ടങ്ങളുണ്ടാക്കിയ സംഭവം ദേശീയതലത്തില്‍ ശ്രദ്ധ നേടിയിരുന്നു. ബിഹാര്‍ ഷെരീഫ് പട്ടണത്തിലുണ്ടായ കല്ലേറിലും വെടിവയ്പ്പിലും പത്തോളം പേര്‍ക്ക് പരിക്കേറ്റു. പത്തോളം കടകളും കത്തിനശിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →