കൽപ്പറ്റ: അയോഗ്യതാ നടപടിക്ക് ശേഷം മണ്ഡലത്തിലെ വോട്ടർമാരെ കാണാൻ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി 2023 ഏപ്രിൽ 11ന് കൽപ്പറ്റയിലെത്തും. രാഹുലിനൊപ്പം സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാഗാന്ധിയും ഉണ്ടായിരിക്കും. കൽപ്പറ്റയിൽ നടക്കുന്ന റോഡ് ഷോയിലും സമ്മേളനത്തിലും ഇരുവരും പങ്കെടുക്കുമെന്ന് യുഡിഎഫ് നേതാക്കൾ അറിയിച്ചു.
പതിനായിരകണക്കിന് പ്രവർത്തകർ അണിനിരക്കുന്ന റോഡ്ഷോ ഉച്ചക്ക് ശേഷം മൂന്ന് മണിയോടെ കൽപ്പറ്റ എസ് കെ എം ജെ ഹൈസ്‌ക്കൂൾ പരിസരത്ത് നിന്ന് ആരംഭിക്കും. സത്യമേവ ജയതേ എന്ന പേരിൽ നടക്കുന്ന ഈ റോഡ്ഷോയിലേക്ക് രാഹുൽഗാന്ധിയും പ്രിയങ്കാഗാന്ധിയും എത്തിച്ചേരും. റോഡ്ഷോയ്ക്ക് ശേഷം കൽപ്പറ്റ എം പി ഓഫീസിന് മുൻവശത്തായി പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി സാംസ്‌ക്കാരിക ജനാധിപത്യ പ്രതിരോധം എന്ന പേരിൽ മറ്റൊരു പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. ഇതിൽ കേരളത്തിലെ പ്രുമഖ സാംസ്‌ക്കാരികപ്രവർത്തകർ പങ്കാളികളാവുമെന്ന് നേതാക്കൾ വ്യക്തമാക്കി.
സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ, മുസ്ലീംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവർ, പ്രതിപക്ഷനേതാവ് വി ഡി സതീശൻ, പി കെ കുഞ്ഞാലിക്കുട്ടി, പി എം എ സലാം, മോൻസ് ജോസഫ് എം എൽ എ, എൻ കെ പ്രേമചന്ദ്രൻ എം പി, സി പി ജോൺ തുടങ്ങിയ നിരവധി നേതാക്കൾ പങ്കെടുക്കും.

