തിരുവനന്തപുരം : പ്രധാനമന്ത്രി ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവ ദേവാലയം സന്ദർശിച്ചതിലൂടെ ഒരു വിശുദ്ധദിനത്തെ ബിജെപിക്കാർ കളങ്കപ്പെടുത്തുകയാണു ചെയ്തതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. കേരളത്തിലെ ബിഷപ്പ് ഹൗസുകളിലും ക്രൈസ്തവരുടെ വീടുകളിലും ബിജെപി നേതാക്കൾ നടത്തിയ സന്ദർശനം വെറും പ്രഹസനമാണെന്ന് കെ സുധാകരൻ പറഞ്ഞു. സംഘപരിവാരങ്ങൾ ക്രൈസ്തവർക്കെരിരേ നടത്തുന്ന അതിക്രമങ്ങൾ തുടരുമ്പോൾ ഇത്തരം നാടകങ്ങൾ തെരഞ്ഞെടുപ്പ് സ്‌പെഷ്യലായി മാത്രമേ കാണാൻ സാധിക്കൂ. യഥാർത്ഥത്തിൽ ഒരു വിശുദ്ധദിനത്തെ ബിജെപിക്കാർ കളങ്കപ്പെടുത്തുകയാണു ചെയ്തത്.
റബറിന് 300 രൂപയാക്കിക്കൊണ്ടുള്ള കേന്ദ്രസർക്കാരിന്റെ ഉത്തരവുമായി ബിജെപി നേതാക്കൾ ബിഷപ്പുമാരെ സന്ദർശിക്കുമെന്നാണ് താൻ കരുതിയത്. കർഷകർ നേരിടുന്ന പ്രശ്‌നങ്ങളെ ആത്മാർത്ഥയോടെ അഭിസംബോധന ചെയ്യുന്നതിനു പകരം അവരുടെ നിസഹായവസ്ഥയെ ചൂഷണം ചെയ്ത് വ്യാജവാഗ്ദാനങ്ങളും മോഹനസ്വപ്‌നങ്ങളും നല്കി വോട്ടിന്റെ അടിസ്ഥാനത്തിലുള്ള ക്രയവിക്രയമാക്കി മാറ്റാനാണ് ബിജെപി ശ്രമിക്കുന്നത്. ക്രൈസ്തവർക്കെതിരേ നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങൾ ഇനി തുടരില്ലെന്ന ഉറപ്പെങ്കിലും അവർ നൽകുമെന്നു പ്രതീക്ഷിച്ചിരുന്നു. അയൽസംസ്ഥാനമായ കർണാടകയിലെ ബിജെപി മന്ത്രി മുനിരത്‌ന ക്രിസ്ത്യാനികളെ എവിടെ കണ്ടാലും തല്ലണമെന്നു ആക്രോശിച്ചതിനെ അപലപിക്കാൻ പോലും പ്രധാനമന്ത്രിക്കോ കേരളത്തിലെ ബിജെപി നേതാക്കൾക്കോ കഴിഞ്ഞില്ലെന്നു സുധാകരൻ പറഞ്ഞു.
സംഘപരിവാരങ്ങളുടെ ക്രൈസ്തവ പീഡനത്തിനെതിരേ വിവിധ മതവിഭാഗങ്ങളിൽപ്പെട്ട രാജ്യത്തെ 93 റിട്ട ഐഎഎസ്/ ഐപിഎസ്/ ഐഎഫ്എസ് ഉന്നതോദ്യോഗസ്ഥർ പ്രധാനമന്ത്രിക്ക് എഴുതിയ കത്ത് അദ്ദേഹം കണ്ടതായി പോലും നടിച്ചില്ല. ക്രൈസ്തവർ രാഷ്ട്രത്തിനു നല്കുന്ന സംഭാവനകളെ ഇതിൽ അക്കമിട്ടു നിരത്തിയിട്ടുണ്ട്. കോവിഡ് കാലത്ത് 1000 ക്രൈസ്തവ ആശുപത്രികളാണ് സേവനനിരതരായി രംഗത്തുവന്നത്. ക്രൈസ്തവർ വലിയ തോതിൽ മതപരിവർത്തനം നടത്തുന്നെന്ന് സംഘപരിവാരങ്ങൾ വിമർശിക്കുമ്പോഴും 1951 മുതൽ ക്രൈസ്തവർ ജനസംഖ്യയുടെ 2.3 ശതമാനമായി തുടരുന്നു. ക്രൈസ്തവർക്കെതിരേ 2020ൽ 279 ഉം 2021ൽ 505ഉം 2022ൽ 511ഉം അക്രമങ്ങൾ അരങ്ങേറി. ഇതിനെതിരേ പ്രധാനമന്ത്രി ശബ്ദമുയർത്തണം എന്നാണ് ഉന്നതഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത്.
ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കണം എന്ന അജണ്ടയോടെ പ്രവർത്തിക്കുന്ന സംഘപരിവാരങ്ങൾക്ക് ഒരിക്കലും മറ്റു ജനവിഭാഗങ്ങളെ ഉൾക്കൊള്ളാൻ കഴിയില്ലെന്ന് എല്ലാവരും തിരിച്ചറിയണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു