ബെർലിൻ: ജർമനിയിൽ നഴ്സായി ജോലി ചെയ്തിരുന്ന മലയാളി പനി ബാധിച്ച് മരിച്ചു. വുർസ്‍ബുർഗിനടുത്ത് ബാഡ്നൊയെസ്റ്റാട്ട് റ്യോൺ ക്ലിനിക്കിൽ ജോലി ചെയ്തിരുന്ന കണ്ണൂർ അങ്ങാടിക്കടവ് മമ്പള്ളിക്കുന്നേൽ അനിമോൾ ജോസഫ് (44) ആണ് മരിച്ചത്. കഴിഞ്ഞ ഏതാനും ദിവസമായി പനി ബാധിച്ചിരുന്നു. കഴിഞ്ഞ ദിവസം അസ്വസ്ഥതകൾ വർദ്ധിച്ചതോടെ 2023 ഏപ്രിൽ 9ന് പുലർച്ചെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ പിന്നീട് ആരോഗ്യസ്ഥിതി മോശമാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
നിരവധി മലയാളികൾ ജോലി ചെയ്യുന്ന ക്ലിനിക്കിൽ 2023 മാർച്ച് ആറിനാണ് അനിമോൾ ജോലിക്ക് കയറിയത്. അതിനിടയിലെ അപ്രതീക്ഷത വിയോഗം ജർമനിയിലെ മലയാളികളെ ദുഃഖത്തിലാഴ്ത്തി. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച് സംസ്‍കരിക്കാനാണ് ബന്ധുക്കളുടെ തീരുമാനം.
വയനാട് വെള്ളമുണ്ട ഒഴുക്കൻമൂല പാലേക്കുടി ജോസഫിന്റെയും ലില്ലിയുടെയും മകളാണ് . മമ്പള്ളിക്കുന്നേൽ സജിയാണ് ഭർത്താവ്. അതുല്യ ആൻ തോമസ്, ഇവാന ട്രീസ തോമസ് എന്നിവരാണ് മക്കൾ.

