ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ ഒമ്പത് മാസത്തില്‍ എഴുതിത്തള്ളിയത് ഏകദേശം 91,000 കോടി രൂപ. പാവപ്പെട്ടവരുടെ വായ്പകള്‍ തിരികെ ലഭിക്കാന്‍ മസിലുപിടിക്കുന്ന ധനകാര്യ സ്ഥാപനങ്ങള്‍ കുത്തകകളുടെ മുന്നില്‍ പതറിനില്‍ക്കുകയാണ്. ഇതിനെതിരേ ചെറുവിരലനക്കാന്‍ കേന്ദ്രത്തിനും കഴിയുന്നില്ലെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ചൂണ്ടിക്കാട്ടി.
17,356 കോടി എഴുതിത്തള്ളിയ എസ്.ബി.ഐയാണ് പട്ടികയില്‍ ഒന്നാമത്. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ 16,497 കോടിയും ബാങ്ക് ഓഫ് ബറോഡ 13,032 കോടിയും എഴുതിത്തള്ളി. ഇത് തിരിച്ചുപിടിക്കാന്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഇക്കാര്യത്തില്‍ ബാങ്ക് മേധാവികള്‍ വന്‍ അനാസ്ഥയാണ് കാട്ടുന്നതെന്ന് പരാതിയുണ്ട്. കിട്ടാക്കടം തിരിച്ചുപിടിക്കല്‍ തോത് ഉയര്‍ന്നുവരികയാണെന്നു കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു. രാജ്യത്തെ ബാങ്കുകള്‍ 2018 സാമ്പത്തികവര്‍ഷത്തില്‍ ഏകദേശം 1.61 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയിരുന്നു. തിരിച്ചുപിടിച്ചത് 13,000 കോടി രൂപമാത്രം. തിരിച്ചുപിടിച്ചത് കിട്ടാക്കടത്തിന്റെ എട്ടു ശതമാനംമാത്രം ആണെന്നതാണ് വസ്തുത. എന്നാല്‍, പോയ സാമ്പത്തികവര്‍ഷത്തില്‍ കിട്ടാക്കടത്തിന്റെ 19.4 ശതമാനംവരെ തിരിച്ചുപിടിച്ചെന്നു കേന്ദ്രം അവകാശപ്പെടുന്നു.