ന്യൂഡല്‍ഹി: സി.ബി.എസ്.ഇ. പന്ത്രണ്ടാം ക്ലാസിലെ മധ്യകാല ചരിത്ര പാഠപുസ്തകങ്ങളില്‍ നിന്ന് ”കിങ്‌സ് ആന്‍ഡ് ക്രോണിക്കിള്‍സ്, ദ് മുഗള്‍ കോര്‍ട്ട്‌സ്” എന്നീ അധ്യായങ്ങള്‍ ഒഴിവാക്കിയതിനു വിശദീകരണവുമായി എന്‍.സി.ഇ.ആര്‍.ടി. കോവിഡ് ബാധ കാരണം ദുരിതത്തിലായ വിദ്യാര്‍ഥികളെ സഹായിക്കാനുള്ള ഒരു പ്രഫഷണല്‍ വ്യായാമം മാത്രമാണിത്. പിന്നില്‍ നിഗൂഢ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും എന്‍.സി.ഇ.ആര്‍.ടി.
കോവിഡ് കാരണം ധാരാളം വിദ്യാര്‍ഥികള്‍ക്കു പഠനനഷ്ടമുണ്ടായി. ഒട്ടേറെ സമ്മര്‍ദങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ വിധേയരായി. അവരോടുള്ള ഉത്തരവാദിത്വമെന്ന നിലയ്ക്കാണ് പാഠപുസ്തകങ്ങളിലെ ഉള്ളടക്ക ഭാരം കുറയ്ക്കാനുള്ള നിര്‍ദേശമെന്ന് എന്‍.സി.ഇ.ആര്‍.ടി. ഡയറക്ടര്‍ ദിനേശ് പ്രസാദ് സക്‌ലാനി പറഞ്ഞു. പല വിഷയങ്ങളിലും ക്ലാസുകളിലും ചില അധ്യായങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും കയറിവരുന്നതായി വിദഗ്ധര്‍ക്ക് തോന്നിയിട്ടുണ്ട്. പുതിയ പുസ്തകങ്ങളൊന്നും ഇല്ല. (2022)കഴിഞ്ഞ തവണത്തേപ്പോലെ ഈ അധ്യയന വര്‍ഷവും(2023) റിവിഷന്‍ തുടരുമെന്നും സക്‌ലാനി പറഞ്ഞു. പാഠപുസ്തകങ്ങള്‍ ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തിന് അനുസൃതമായി മാറ്റിയെഴുതുന്നു എന്നത് തികച്ചും വ്യാജവും അടിസ്ഥാനരഹിതവുമായ വാദമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

