ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദിയെ വാഴ്ത്തി കോണ്‍ഗ്രസ് മുന്‍ എം പിയും മുതിര്‍ന്ന രാഷ്ട്രീയ നേതാവുമായ ഗുലാം നബി ആസാദ്. വിവാദങ്ങളുയര്‍ത്തിയ പല വിഷയങ്ങളിലും താന്‍ പല തടസങ്ങളും സൃഷ്ടിച്ചിട്ടും പ്രധാന മന്ത്രി നരേന്ദ്ര മോദി വളരെ ഉദാര മനസോടെയാണ് പെരുമാറിയതെന്ന് ഗുലാം നബി പറഞ്ഞു. ‘ആര്‍ട്ടിക്കിള്‍ 370, പൗരത്വ ഭേദഗതി നിയമം (സി എ എ), ഹിജാബ് വിവാദം എന്നിവയിലെല്ലാം തടസങ്ങള്‍ സൃഷ്ടിക്കാന്‍ താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, വളരെ ഉദാരമായിട്ടായിരുന്നു അതിനോടെല്ലാമുള്ള പ്രധാന മന്ത്രിയുടെ സമീപനം. ‘ആസാദ്’ എന്ന പേരിലുള്ള തന്റെ ആത്മകഥയുടെ പ്രകാശന ചടങ്ങില്‍ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോട് സംസാരിക്കവെ ഗുലാം നബി പറഞ്ഞു.
ഞാന്‍ നരേന്ദ്ര മോദിക്ക് ക്രെഡിറ്റ് നല്‍കുക തന്നെ വേണം. ഞാന്‍ അദ്ദേഹത്തോട് എന്തൊക്കെ ചെയ്തുവോ അതിലൊക്കെ അദ്ദേഹം നല്ലരീതിയിലാണ് പെരുമാറിയത്. ആര്‍ട്ടിക്കിള്‍ 370, സി എ എ, ഹിജാബ് വിഷയങ്ങളിലൊന്നും ഞാന്‍ അദ്ദേഹത്തെ വെറുതെ വിട്ടിട്ടില്ല. ചില ബില്ലുകള്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്ന് ഞാന്‍ ഉറപ്പാക്കി. എന്നിട്ടും ഒരു രാഷ്ട്രതന്ത്രജ്ഞനെന്ന നിലയില്‍ തന്നെയായിരുന്നു മോദിയുടെ പെരുമാറ്റം. അതിനെയൊന്നും പ്രതികാര മനോഭാവത്തോടെയല്ല അദ്ദേഹം സമീപിച്ചത്.’- ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി കൂടിയായ ഗുലാം നബി വിശദീകരിച്ചു.

