അസം മുഖ്യമന്ത്രിക്ക് ഖലിസ്ഥാന്‍ ഭീഷണി; സുരക്ഷ ശക്തമാക്കി

ഗുവാഹത്തി: ഖലിസ്ഥാന്‍ അനുകൂല സംഘടനയുടെ ഭീഷണിയെത്തുടര്‍ന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ സുരക്ഷ ശക്തമാക്കി. മുഖ്യമന്ത്രിക്ക് ഭീഷണി മുഴക്കിയുള്ള ശബ്ദസന്ദേശം അസമിലെ മാധ്യമപ്രവര്‍ത്തകര്‍ക്കാണു ലഭിച്ചത്.
തുടര്‍ന്ന് ഈ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സിഖ് ഫോര്‍ ജസ്റ്റിസ് എന്ന ഖലിസ്ഥാന്‍ സംഘടനയുടെ നേതാവ് ഗുര്‍പത്വന്ത് സിങ് പന്നുവിന്റെ പേരിലായിരുന്നു ഭീഷണി. ഇതേത്തുടര്‍ന്ന് എസ്.ടി.എഫ്. പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കിയതായും അസം പോലീസ് മേധാവി ജി.പി. സിങ് പറഞ്ഞു.

സംഭവത്തില്‍ കേന്ദ്ര ഏജന്‍സികളും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. പോലീസിനെ കബളിപ്പിച്ച് പഞ്ചാബില്‍നിന്ന് രക്ഷപ്പെട്ട് വാരിസ് പഞ്ചാബ് ദേ തലവന്‍ അമൃത്പാല്‍ സിങ്ങിന്റെ എട്ട് അടുത്ത അനുയായികളെ അറസ്റ്റ് ചെയ്ത് പാര്‍പ്പിച്ചിരിക്കുന്നത് അസമിലെ ദിബ്രുഗഡ് സെന്‍ട്രല്‍ ജയിലിലാണ്. ഈ പശ്ചാത്തലത്തില്‍ അസം മുഖ്യമന്ത്രിക്ക് ഖലിസ്ഥാന്‍ സംഘടന ഭീഷണി മുഴക്കിയത് കേന്ദ്ര ഏജന്‍സികളും ഗൗരവമായാണു കാണുന്നത്. സി.ആര്‍.പി.എഫിന്റെ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് അസം മുഖ്യമന്ത്രിക്കുള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →