ലണ്ടന്‍: അഫ്ഗാനിസ്ഥാനില്‍ മൂന്നു ബ്രിട്ടീഷ് പൗരന്‍മാരെ താലിബാന്‍ തടവിലാക്കിയെന്നു റിപ്പോര്‍ട്ട്. യു.കെയിലെ സന്നദ്ധ സംഘടനയായ പ്രസീഡിയം നെറ്റ് വര്‍ക്ക് ട്വിറ്ററിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇതിനു പിന്നാലെ, തടവിലാക്കപ്പെട്ട ബ്രിട്ടീഷ് പൗരന്‍മാരുമായി ബന്ധപ്പെടാന്‍ നയതന്ത്ര ഇടപെടല്‍ നടത്തുന്നുണ്ടെന്നും ഇവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ബ്രിട്ടീഷ് വിദേശകാര്യമന്ത്രാലയവും വ്യക്തമാക്കി. തടവിലാക്കപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും ഉറപ്പാക്കുമെന്നും മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു. എന്നാല്‍, തടവിലാക്കപ്പെട്ടവരുമായി നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് സംസാരിക്കാന്‍ ഇതുവരെ അവസരം ലഭിച്ചിട്ടില്ല.
കാബൂളില്‍ തൊഴിലാളികള്‍ക്ക് സഹായങ്ങള്‍ നല്‍കിയിരുന്ന സന്നദ്ധപ്രവര്‍ത്തകന്‍ കെവിന്‍ കോണ്‍വെല്‍(53), യുട്യൂബ് താരം മൈല്‍സ് റൗട്ലെഡ്ജ് എന്നിവരാണ് തടവിലാക്കപ്പെട്ട രണ്ടുപേര്‍. അഫ്ഗാനിസ്ഥാനില്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തിയിരുന്നയാളാണ് പിടിയിലുള്ള മൂന്നാമനെന്നാണു സൂചന. ഇദ്ദേഹത്തിന്റെ പേര് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മൂന്നുപേരുടെയും ആരോഗ്യനിലയിലുള്‍പ്പെടെ ആശങ്കവേണ്ടെന്നാണ് ലഭിക്കുന്ന വിവരമെന്ന് പ്രസീഡിയം നെറ്റ് വര്‍ക്ക് വക്താവ് സ്‌കോട്ട് റിച്ചാര്‍ഡ്സ് പറഞ്ഞു. തെറ്റിദ്ധാരണ മൂലമാണ് മൂന്നുപേരെയും തടവിലാക്കിയതെന്നും വൈകാതെ ഇവരെ മോചിപ്പിക്കുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ആറു മാസത്തിലേറെയായി തടവില്‍ പാര്‍പ്പിച്ചിരുന്ന മുതിര്‍ന്ന ടെലിവിഷന്‍ ക്യാമറാമാനെയും നാലു ബ്രിട്ടീഷ് പൗരന്‍മാരെയും കഴിഞ്ഞ വര്‍ഷം താലിബാന്‍ മോചിപ്പിച്ചിരുന്നു.