ഇടുക്കി: മനസ്സോടിത്തിരി മണ്ണ്: ഹാജറയ്ക്ക് ഇനി സ്വന്തം ഇടം

പതിനഞ്ച് വര്‍ഷത്തിലധികമായി വാടക വീട്ടില്‍ അന്തിയുറങ്ങുന്ന ഉടുമ്പന്നൂര്‍ സ്വദേശിനി ഒറ്റത്തോട്ടത്തില്‍ ഒ.കെ ഹാജറയെന്ന വീട്ടമ്മയ്ക്ക് വീടൊരുങ്ങുന്നു. ഹാജറയ്ക്കും 8 വയസുകാരി മകള്‍ അല്‍ഫിയക്കും സ്നേഹത്തിന്റെ തണലൊരുക്കി, വീടുവെയ്ക്കാനാവശ്യമായ മൂന്ന് സെന്റ് സ്ഥലം സൗജന്യമായി നല്‍കിയിരിക്കുന്നത് പെരുമ്പിള്ളില്‍ അജിനാസ് -ഫെമിന ദമ്പതികളാണ്. ഹാജറയുടെ അയല്‍വാസികളായ
ഇവര്‍ വീടുവെയ്ക്കാന്‍ സ്ഥലം നല്‍കിയതോടെ പഞ്ചായത്തിന്റെ സഹകരണത്തോടെ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കാനാകും. രജിസ്ട്രേഷന്‍ നടത്തിയ ആധാരമടങ്ങുന്ന രേഖകള്‍ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് ഹാജറയ്ക്ക് കൈമാറി. സ്ഥലം നല്‍കി മാതൃകയായ അജിനാസിനെ കളക്ടര്‍ ഫലകവും പൊന്നാടയും നല്‍കിയാണ് ആദരിച്ചത്.

ചെറുപ്പം മുതല്‍ അംഗവൈകല്യമുള്ള ഹാജറ, സഹോദരങ്ങളുടെ സഹായത്തോടെയാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. വീട് ഇല്ല എന്നത് എന്നും ദു:ഖമായിരുന്നു. വീടിന് സ്ഥലം ലഭിച്ചതിലും വീട് നിര്‍മ്മാണത്തിനുള്ള തുക സര്‍ക്കാര്‍ അനുവദിച്ചതിലും സന്തോഷമുണ്ടെന്ന് ഹാജറ പറഞ്ഞു. നിര്‍മ്മാണത്തിന് ആദ്യഘട്ടമായി 40000 രൂപ അനുവദിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് എം ലതീഷ് പറഞ്ഞു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബീന രവീന്ദ്രന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു രവീന്ദ്രന്‍, സ്ഥിരം സമിതി അധ്യക്ഷരായ ശാന്തമ്മ ജോയി, സുലൈഷ സലിം, വാര്‍ഡ് മെമ്പര്‍ പി.എസ്. ജമാല്‍, ബിഡിഒ കെ അജയ്, വില്ലേജ് എക്‌സ്റ്റെന്‍ഷന്‍ ഓഫീസര്‍ കെ.വി ബാബു തുടങ്ങിയര്‍ പരിപാടിയിൽ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →