ദില്ലി: പാകിസ്ഥാനിൽ ഉള്ളിവില കിലോയ്ക്ക് 250 രൂപയ്ക്ക് മുകളിൽ. അതേസമയം ഇന്ത്യയിലെ കർഷകർ ഉള്ളി കിലോയ്ക്ക് 1 രൂപക്ക് വരെ വിൽക്കാൻ നിർബന്ധിതരാകുന്നു. രണ്ടായാലും കണ്ണുനീരൊഴുക്കി ഇന്ത്യയും പാകിസ്ഥാനും. അതിർത്തിക്ക് അപ്പുറത്തും ഇപ്പുറത്തും ഇതിനുള്ള കാരണങ്ങൾ രണ്ടാണെന്ന് മാത്രം. അതേസമയം ഏഷ്യയിലെ ഏറ്റവും വലിയ ഉള്ളി വിപണിയായ നാസിക്കിലെ കർഷകർ തങ്ങളുടെ ഉള്ളി കിലോയ്ക്ക് 1 രൂപ വരെ വിൽക്കാൻ നിർബന്ധിതരാകുന്നു. വിളവിന് വില കിട്ടാത്തതിനാൽ പല കർഷകർക്കും ഉള്ളി റോഡിൽ തള്ളുകയാണ്.
പാക്കിസ്ഥാനിലെ സാമ്പത്തിക തകർച്ച അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള അഞ്ചാമത്തെ രാജ്യമാണ് പാക്കിസ്ഥാൻ. അവശ്യ വസ്തുക്കളുടെ വില കുതിച്ചുയരുകയാണ്. പാകിസ്ഥാനിൽ ഉള്ളി, ഗോതമ്പ്, മറ്റ് അവശ്യസാധനങ്ങൾ എന്നിവയുടെ വില കഴിഞ്ഞ കുറച്ച് മാസങ്ങളായി കുത്തനെ വർദ്ധിക്കുകയാണ്.
പാകിസ്ഥാനിൽ ഉള്ളിയുടെ വില 228.28 ശതമാനമാണ് വർദ്ധിച്ചത്. ഗോതമ്പ് മാവിന്റെ വില 120.66 ശതമാനം വർദ്ധിച്ചു. ഗ്യാസിന്റെ വില ആദ്യ പാദത്തിൽ 108.38 ശതമാനവും ലിപ്റ്റൺ ടീയുടെ വില 94.60 ശതമാനവും വർധിച്ചു. ഡീസൽ വില 102.84 ശതമാനവും വാഴപ്പഴത്തിന് 89.84 ശതമാനവും പെട്രോളിന് 81.17 ശതമാനവും മുട്ടയുടെ വില 79.56 ശതമാനവും വർധിച്ചു. പാകിസ്ഥാൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (പിബിഎസ്) റിപ്പോർട്ട് ചെയ്ത സെൻസിറ്റീവ് പ്രൈസിംഗ് ഇൻഡിക്കേറ്റർ (എസ്പിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് 2023 മാർച്ച് 22ന് അവസാനിച്ച ആഴ്ചയിൽ 47 ശതമാനമായിരുന്നു.
അതേസമയം, ഏഷ്യയിലെ ഏറ്റവും വലിയ ഉള്ളി വ്യാപാര കേന്ദ്രമായ മഹാരാഷ്ട്രയിലെ നാസിക്കിൽ ഉള്ളിയുടെ വിലയിടിവ് കർഷകരിൽ ആശങ്ക ഉയർത്തുന്നു. നാസിക്കിൽ നിന്ന് മിച്ചമുള്ള ഉള്ളി വിളവെടുപ്പ് വാങ്ങാൻ ഉപഭോക്തൃകാര്യ മന്ത്രാലയം വെള്ളിയാഴ്ച ദേശീയ കാർഷിക സഹകരണ വിപണന ഫെഡറേഷൻ ഓഫ് ഇന്ത്യയോട് (നാഫെഡ്) ആവശ്യപ്പെട്ടതായി റിപ്പോർട്ട് ഉണ്ട്. ഉള്ളി കൃഷി ചെയ്യാത്ത സംസ്ഥാനങ്ങളിൽ ഇവ വിൽക്കാനാണ് നിർദേശം സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോയിൽ, നാസിക്കിൽ ഒരു കർഷകൻ ഉള്ളി വിളവെടുപ്പ് റോഡിലേക്ക് വലിച്ചെറിയുന്നത് കാണാം.
രണ്ടാഴ്ചയായി മഹാരാഷ്ട്രയിലെ താപനിലയിലുണ്ടായ വർധനയാണ് ഉള്ളിയുടെ വിലയിടിവിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന്. വർഷത്തിൽ മൂന്ന് തവണയാണ് കർഷകർ ഉള്ളി വിളവെടുപ്പ് നടത്തുക. അതായത്, സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ ആദ്യ വിളവെടുപ്പും ജനുവരി-ഫെബ്രുവരി മാസങ്ങളിൽ രണ്ടാമത്തെ വിളവെടുപ്പും, മാർച്ച്-ഏപ്രിൽ മാസങ്ങളിൽ മൂന്നാമത്തെ വിളവെടുപ്പും നടത്തുന്നു. ആദ്യ വിളവെടുപ്പിലുള്ള ഉള്ളി ജനുവരിയിൽ വിൽക്കുന്നു. രണ്ടാമത്തെ വിളവെടുപ്പിലുള്ള ഉള്ളി മെയ്-ജൂൺ മാസങ്ങളിൽ വിപണനം ചെയ്യുന്നു. അവസാന വിളവെടുപ്പിൽ നിന്നുള്ള ഉള്ളി ഒക്ടോബറിലും വിൽക്കുന്നു.
എന്നാൽ ചൂട് വർധിച്ചതോടെ ആദ്യ വിളവെടുപ്പിലെയും രണ്ടാമത്തെ വിളവെടുപ്പിലെയും ഉള്ളി കർഷകർ വിപണിയിലേക്കെത്തിച്ചു. ലഭ്യത കൂടിയതോടെ വില കുത്തനെ കുറഞ്ഞു. ഫെബ്രുവരിയിൽ മഹാരാഷ്ട്രയിലെ താപനിലയിലുണ്ടായ വർദ്ധനയും സംഭരണ സൗകര്യമില്ലാത്തതും കർഷകരുടെ ദുരിതം വർധിപ്പിക്കുന്നു.