അധോലോകത്തലവൻ ആത്തിഖ് അഹമ്മദിന് ജീവപര്യന്തം തടവ്

പ്രയാഗ്‌രാജ് (യു.പി): സമാജ്‌വാദി പാർട്ടി മുൻ ജനപ്രതിനിധിയും അധോലോകത്തലവനുമായ ആത്തിഖ് അഹമ്മദ് ഉൾപ്പെടെ മൂന്നുപേർക്ക് തട്ടിക്കൊണ്ടുപോകൽ കേസിൽ ജീവപര്യന്തം തടവുശിക്ഷ. ബി.എസ്.പി. നിയമസഭാംഗം രാജു പാലിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യസാക്ഷി ഉമേഷ് പാലിനെ 2006-ൽ തട്ടിക്കൊണ്ടുപോയ കേസിലാണു പ്രയാഗ്‌രാജ് കോടതി വിധി പറഞ്ഞത്. ആത്തിഫിന്റെ സഹോദരൻ ഖാലിദ് അസിം (അഷ്‌റഫ്) ഉൾപ്പെടെ ഏഴുപ്രതികളെ വെറുതേവിട്ടു.

രാജു പാൽ വധക്കേസിലെ സാക്ഷി ഉമേഷ് പാലും കഴിഞ്ഞമാസം 24-നു കൊല്ലപ്പെട്ടിരുന്നു. അക്രമികളുടെ വെടിയേറ്റ് ഉമേഷിന്റെ അംഗരക്ഷകരായ രണ്ട് പോലീസുകാരും കൊല്ലപ്പെട്ടു. രാജു പാൽ വധക്കേസിൽ ആത്തിഖിന്റെ പങ്കിനെക്കുറിച്ചു മൊഴിനൽകിയതിന്റെ പ്രതികാരമായാണ് ഉമേഷ് കൊല്ലപ്പെട്ടതെന്ന് ഉത്തർപ്രദേശ് പോലീസ് പറയുന്നു. മൊഴി പിൻവലിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണു 2006-ൽ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്. ഉമേഷ് പാൽ കൊല്ലപ്പെട്ടതിനേത്തുടർന്നുണ്ടായ വിവാദത്തിൽ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെതിരേ യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപണമുന്നയിച്ചിരുന്നു. സംസ്ഥാനത്തെ മുഴുവൻ മാഫിയകളുടെയും പ്രഫഷണൽ ക്രിമിനലുകളുടെയും തലവൻ അഖിലേഷാണെന്നാണു യോഗി നിയമസഭയിൽ ആരോപിച്ചത്. മുൻ എം.പിയും മുൻ എം.എൽ.എയുമായ ആത്തിഖ്, സമാജ്‌വാദി പാർട്ടി സ്ഥാപകൻ മുലായം സിങ് യാദവിന്റെ വിശ്വസ്തരിലൊരാളായിരുന്നു.

കൊലപാതകവും തട്ടിക്കൊണ്ടുപോകലും ഉൾപ്പെടെ നൂറോളം കേസുകളിൽ പ്രതിയായ ആത്തിഖ് അഹമ്മദിനെ ഗുജറാത്തിലെ സാബർമതി ജയിലിൽനിന്നു വൻസുരക്ഷയിൽ 24 മണിക്കൂർ റോഡ് മാർഗം സഞ്ചരിച്ചാണ് ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലുള്ള കോടതിയിൽ എത്തിച്ചത്. പ്രതിയെ കൊണ്ടുവരുന്നതു കാണാൻ വൻജനക്കൂട്ടം പാതയോരങ്ങളിൽ കാത്തുനിന്നിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →