‘ലൈഫ് മിഷൻ കേസിലെ കളളപ്പണ ഇടപാട് സ്പോൺസേ‍ർഡ് തീവ്രവാദം, മുഖ്യസൂത്രധാരൻ ശിവശങ്ക‍ർ’; ഇഡി കോടതിയിൽ

കൊച്ചി ലൈഫ് മിഷൻ കേസിലെ കളളപ്പണ ഇടപാട് സ്പോൺസേ‍ർഡ് തീവ്രവാദമെന്ന് എൻഫോഴ്സ്മെന്റ് ഡിറക്ട്രേറ്റ് ഹൈക്കോടതിയിൽ. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറാണ് ഇതിന്റെ സൂത്രധാരനെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ അറിയിച്ചു. എന്നാൽ സ്വപ്നയുടെ ലോക്കറിൽ നിന്ന് കിട്ടിയ പണത്തിന്റെ പേരിൽ രണ്ട് കേസുകൾ എങ്ങനെയാണ് എടുക്കുന്നതെന്ന് കോടതി സംശയം പ്രകടിപ്പിച്ചു.

ലൈഫ് മിഷൻ കേസിൽ അറസ്റ്റിലായി റിമാൻഡിൽക്കഴിയുന്ന എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് ഇക്കാര്യങ്ങൾ ഇ ഡി, കോടതിയെ അറിയിച്ചത്. ‘ലോക്കറിൽ നിന്ന് കിട്ടിയ പണം ശിവശങ്കറിന്റേതാണ്. ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിൽ നിന്നും സ്വപ്ന സുരേഷിൽ നിന്നും ഇത് സംബന്ധിച്ച് മൊഴി കിട്ടിയിട്ടുണ്ട്. കളളപ്പണ ഇടപാടിലൂടെ സ്പോൺസേർഡ് തീവ്രവാദത്തിനാണ് പ്രതികൾ ശ്രമിച്ചത്. ശിവശങ്കറായിരുന്നു എല്ലാത്തിന്റെയും കേന്ദ്രബിന്ദു. ഇടപാടുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ പിടിച്ചെടുക്കേണ്ടതുണ്ട്. മുമ്പ് അറസ്റ്റിലായപ്പോഴും ആരോഗ്യപ്രശ്നങ്ങൾ പറഞ്ഞാണ് ശിവശങ്കർ ജാമ്യം നേടിയത്. എന്നാൽ തൊട്ടുപിന്നാലെ ജോലിയിൽ പ്രവേശിപ്പിച്ചു’. അതുകൊണ്ടുതന്നെ ആരോഗ്യപ്രശ്നങ്ങളുടെ പേരിൽ ജാമ്യം നൽകണമെന്ന വാദം നിലനിൽക്കില്ലെന്നും ഇ ഡി കോടതിയെ അറിയിച്ചു. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →