തൃപ്പൂണിത്തുറയിൽ ആയുർവേദ ആശുപത്രിയിലെ നഴ്സിനെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

കൊച്ചി: തൃപ്പൂണിത്തുറ എസ് എൻ ജംഗ്ഷനിലെ ആയുർവേദ ആശുപത്രിയിലെ നഴ്സിനെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. ആശുപത്രിയിൽ തന്നെ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന പെരുമ്പാവൂർ അകനാട് സ്വദേശി ശ്രീജിത്ത് (38) ആണ് പിടിയിലായത്. 2023 മാർച്ച് 23 വ്യാഴാഴ്ച വൈകീട്ടായിരുന്നു അതിക്രമം. രാത്രി 11 മണിയോടെ നഴ്സിംഗ് സ്റ്റേഷന് സമീപത്ത് എത്തിയ ഇയാൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെ മുറി പുറത്ത് നിന്ന് പൂട്ടിയ ശേഷം നഴ്സിംഗ് സ്റ്റേഷനിൽ കയറി നഴ്സിനെ വലിച്ചിഴച്ച് മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ കുതറിയോടിയ നഴ്സ് രക്ഷപ്പെടുകയായിരുന്നു.

നഴ്സ് രക്ഷപ്പെട്ടതോടെ ശ്രീജിത്തും ആശുപത്രി വിട്ടുപോയി. എന്നാൽ കാര്യങ്ങൾ കൈവിട്ട് പോയെന്ന് മനസിലായ ശ്രീജിത്ത് വെള്ളിയാഴ്ച ആശുപത്രിയിലെത്തി നഴ്സിനെ ഭീഷണിപ്പെടുത്തി. മൊബൈൽ ഫോണിൽ വാളിന്റേയും തോക്കുകളുടേയും ചിത്രങ്ങൾ കാണിച്ച ശേഷം ഇതെല്ലാം കാറിൽ സൂക്ഷിച്ചിട്ടുണ്ടെന്നും ആരോടെങ്കിലും സംഭവം പറഞ്ഞാൽ അപായപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയതോടെ നഴ്സ് വിവരം ഭർത്താവിനെ അറിയിക്കുകയായിരുന്നു.

ഭർത്താവാണ് പൊലീസിൽ പരാതിപ്പെട്ടത്. പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീജിത്തിനെ 2023 മാർച്ച് 25 ശനിയാഴ്ച ഹിൽപാലസ് പൊലീസ് ഇൻസ്പെക്ടർ വി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു.

കായംകുളത്ത് താലൂക്ക് ആശുപത്രി ജീവനക്കാർക്ക് നേരെ രോഗിയുടെ അക്രമമുണ്ടായത് കഴിഞ്ഞ ദിവസമാണ്. താലൂക്ക് ആശുപത്രിയിലെ ഹോം ഗാർഡിനും സുരക്ഷാ ജീവനക്കാരനും രോഗി കുത്തി പരിക്കേൽപ്പിച്ചു. കാലിൽ മുറിവുപറ്റിയെത്തിയ കൃഷ്ണപുരം കാപ്പിൽ സ്വദേശി ദേവരാജനാണ് കുത്തിയത്. നഴ്സിംഗ് റൂമിലേക്ക് അതിക്രമിച്ച് കയറി നഴ്സിനെ ഭീഷണിപ്പെടുത്തിയത് തടഞ്ഞപ്പോഴായിരുന്നു ആക്രമണം. ആദ്യം ഹോം ഗാർഡ് വിക്രമനെ കത്രിക കൊണ്ടാണ് ദേവരാജൻ കുത്തിയത്. അക്രമം തടയാനെത്തിയ സുരക്ഷാ ജീവനക്കാനായ മധുവിനും കുത്തേൽക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →