ദില്ലി: രാഹുൽ ഗാന്ധിയുടെ അയോഗ്യത വിഷയത്തിൽ കോൺഗ്രസ് എംപിമാർ ഇന്നും പാർലമെന്റ് സ്തംഭിപ്പിച്ചു. ലോക്സഭ സ്പീക്കറുടെ മുഖത്തേക്ക് പേപ്പർ കീറിയെറിഞ്ഞും, കരിങ്കൊടി വീശിയും പ്രതിഷേധിച്ചു. സ്പീക്കർ ഓംബിർലക്ക് പകരം ഇന്ന് ചെയറിലെത്തിയത് മിഥുൻ റെഡ്ഡിയാണ്. പ്രകോപിതരായി പാഞ്ഞടുത്ത ടി എൻ പ്രതാപൻ, ഹൈബി ഈഡൻ, മാണിക്കം ടാഗോർ, ജ്യോതിമണി, രമ്യ ഹരിദാസ് എന്നീ എംപിമാർ രാഹുലിനെ അയോഗ്യനാക്കിയ ഉത്തരവ് സ്പീക്കറുടെ മുഖത്തേക്ക് കീറിയെറിഞ്ഞു. കരിങ്കൊടി വീശി, ചേംബറിലേക്ക് കയറി ടിഎൻ പ്രതാപൻ സ്പീക്കറുടെ ചെയറിലേക്ക് കരിങ്കൊടി എറിഞ്ഞു. പ്രതിപക്ഷത്തിനെതിരെ ശക്തമായി തിരിച്ചടിക്കാൻ ബിജെപി എംപിമാർക്ക് പ്രധാനമന്ത്രി നിർദ്ദേശം നൽകി.
അതേസമയം രാഹുൽ ഗാന്ധിയുടെ അയോഗ്യത വിഷയത്തിൽ 2023 മാർച്ച് 29 മുതൽ ഏപ്രിൽ 30 വരെ രാജ്യവ്യാപക സമരം നടത്തുമെന്ന് കോൺഗ്രസ് പ്രസ്താവിച്ചു. മാർച്ച് 28രാത്രി 7 മണിക്ക് ചെങ്കോട്ടയിൽ ദീപം കൊളുത്തി പ്രതിഷേധം നടത്തുമെന്ന് കെ സി വേണുഗോപാൽ അറിയിച്ചു. അദാനി വിഷയത്തിൽ പ്രധാനമന്ത്രിക്ക് യൂത്ത് കോൺഗ്രസ്, എൻ എസ് യു പ്രവർത്തകർ കൂട്ടത്തോടെ കത്തയക്കുമെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.
രാജ്യസഭയിൽ അദാനി വിവാദത്തിൽ അന്വേഷണം വേണമെന്ന മുദ്രാവാക്യത്തെ അവഗണിച്ച് സംസാരിച്ച മന്ത്രി ഹർദീപ് സിംഗ് പുരിയെ പ്രതിപക്ഷം കൂക്കി വിളിച്ചു. പാർലമെൻറിന് പുറത്തും പ്രതിഷേധം കൂടുതൽ കടുപ്പിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. അടുത്ത 15 മുതൽ മുപ്പത് വരെ സംസ്ഥാനങ്ങളിൽ ജയിൽ നിറക്കൽ സമരം നടത്താൻ കോൺഗ്രസ് ആഹ്വാനം ചെയ്തു. ടിഎംസി, ശിവസേന, ബിആർഎസ് അടക്കം 19 പാർട്ടികൾ പിന്തുണക്കുമെന്നാണ് കോൺഗ്രസിന്റെ അവകാശവാദം.

