അഹമ്മദാബാദ്: ബില്‍ക്കീസ് ബാനു കേസില്‍ ഗുജറാത്ത് സര്‍ക്കാര്‍ ശിക്ഷായിളവു നല്‍കി മോചിപ്പിച്ച 11 പ്രതികളില്‍ ഒരാള്‍ ഗുജറാത്തിലെ സര്‍ക്കാര്‍ പരിപാടിയില്‍. ദാഹോദ് ജില്ലയിലെ കര്‍മാഡി ഗ്രാമത്തില്‍ ഈ മാസം 25നു നടന്ന ശുദ്ധജല വിതരണത്തിന്റെ ഉദ്ഘാടന പരിപാടിയിലാണ് ബില്‍ക്കീസ് ബാനു വധക്കേസിലെ പ്രതി ഷൈലേഷ് ചിമന്‍ലാല്‍ ഭട്ട് എം.പിക്കും എംഎല്‍.എയ്ക്കുമൊപ്പം വേദി പങ്കിട്ടത്.
ബി.ജെ.പി എം.പി ജസ്വന്ത് സിങ് ഭാഭര്‍, അദ്ദേഹത്തിന്റെ സഹോദരനും എം.എല്‍.എയുമായ സൈലേഷ് ഭാഭര്‍ എന്നിവര്‍ക്കൊപ്പം ഷൈലേഷ് ഫോട്ടോയ്ക്കു പോസ് ചെയ്യുകയും ചെയ്തു. പൂജയിലും അയാള്‍ പങ്കെടുത്തു.
ബില്‍ക്കിസ് ബാനു കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്ക് ശിക്ഷയില്‍ ഇളവു നല്‍കി വിട്ടയച്ച ഗുജറാത്ത് സര്‍ക്കാരിന്റെ നടപടിക്കെതിരായ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് പ്രതി വേദിയിലെത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഗുജറാത്ത് കലാപകാലത്ത്, 2002 മാര്‍ച്ച് മൂന്നിനാണ് ഗര്‍ഭിണിയായിരുന്ന ബില്‍ക്കീസിനെ അക്രമിസംഘം പീഡിപ്പിച്ചത്. അഹമ്മദാബാദിനടുത്ത് റന്ധിക്പുരിലെ ആക്രമണത്തില്‍ ബില്‍ക്കീസിന്റെ മൂന്ന് വയസുള്ള മകള്‍ ഉള്‍പ്പെടെ 14 പേര്‍ കൊല്ലപ്പെട്ടു.

