കട്ടപ്പന: കാഞ്ചിയാറിലെ അനുമോളുടെ കൊലപാതകത്തിനുശേഷം തമിഴ്‌നാട്ടിലേക്കു മുങ്ങിയ ബിജേഷ് കേരളത്തിലേക്കു മടങ്ങിയെത്തിയത് കയ്യിലെ പണം തീർന്നതിനാൽ കീഴടങ്ങാനെന്ന് സൂചന. അനുമോളുടെ ഫോൺ 5,000 രൂപയ്ക്കു വിറ്റശേഷമാണു 2023 മാർച്ച് 19ന് ഉച്ചയ്ക്ക് ഇയാൾ സ്റ്റേഷനിൽ എത്തി ഭാര്യയെ കാണാനില്ലെന്നു പരാതി നൽകിയത്. പിന്നീടു ഭാര്യയുടെ മോതിരവും ചെയിനും കാഞ്ചിയാറിലെ സ്ഥാപനത്തിൽ പണയപ്പെടുത്തി. അതിനുശേഷം തമിഴ്‌നാട്ടിലേക്കു കടന്ന പ്രതി പലയിടങ്ങളിലായി തങ്ങിയെന്നാണു വിവരം.
മാർച്ച് 17നു രാത്രിക്കു ശേഷം അനുമോളെ ഫോണിലോ നേരിട്ടോ ബന്ധപ്പെടാൻ ബന്ധുക്കൾക്കു സാധിച്ചിട്ടില്ല. അതിനാൽ അന്നു രാത്രിയിൽ ബിജേഷ് ഭാര്യയെ കൊലപ്പെടുത്തിയിട്ടുണ്ടാകാമെന്നാണു നിഗമനം. അനുമോൾ 18നു രാവിലെ സ്കൂളിലേക്കു പോയെന്നാണു ബിജേഷ് ബന്ധുക്കളെ ധരിപ്പിച്ചിരുന്നത്.