ന്യൂഡൽഹി ∙ രാഹുൽ ഗാന്ധിയെ ലോക്സഭാംഗത്വത്തിൽനിന്ന് അയോഗ്യനാക്കിയ നടപടിക്കെതിരെ ഭാവി സമരപരിപാടികൾ ആലോചിക്കാൻ ഡൽഹിയിൽ പ്രതിപക്ഷ പാർട്ടികൾ യോഗം ചേർന്നു. കേന്ദ്ര സർക്കാരിനെതിരെ കറുപ്പ് വസ്ത്രം ധരിച്ചുള്ള സമരം തുടരാൻ യോഗം തീരുമാനിച്ചു. രാജ്യസഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖർഗെയുടെ വസതിയിലായിരുന്നു യോഗം.16 പ്രതിപക്ഷ പാർട്ടികൾ പങ്കെടുത്തു. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരും സന്നിഹിതരായിരുന്നു. ഔദ്യോഗിക വസതി ഒഴിയാനുള്ള നിർദേശത്തിൽ രാഹുലിന് ആശങ്കയില്ലെന്നു കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു.
രാഹുലിനെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് എംപിമാർ 27.03.2023 തിങ്കളാഴ്ച പാർലമെന്റിൽ കറുത്ത വസ്ത്രവും കറുത്ത മാസ്കും അണിഞ്ഞാണ് എത്തിയത്.
‘‘കേന്ദ്ര സർക്കാർ എന്തു ചെയ്താലും രാജ്യത്തിന്റെ ജനാധിപത്യമാണു വലിയ വിഷയം. അതാണ് രാഹുൽ പറഞ്ഞതും. എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരുമിച്ചു. ഞങ്ങൾ വിഷയങ്ങളെല്ലാം ചർച്ച ചെയ്തു. ഇപ്പോഴുള്ള അതേ ഊർജത്തിൽ മുന്നോട്ടു പോകാനാണു തീരുമാനം’’– കെ.സി.വേണുഗോപാൽ വ്യക്തമാക്കി…