ന്യൂഡല്‍ഹി: ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കിയ ഉത്തരവ് പിന്‍വലിക്കാത്തതിനെതിരെ ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസല്‍ നല്‍കിയ ഹർജി സുപ്രീം കോടതി ഉടന്‍ പരിഗണിക്കും. ഹർജി 28/03/23 ചൊവ്വാഴ്ച പരിഗണിക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്വി, അഭിഭാഷകന്‍ കെ.ആര്‍ ശശിപ്രഭു എന്നിവരാണ് മുഹമ്മദ് ഫൈസലിന് വേണ്ടി 27/03/23 തിങ്കളാഴ്ച സുപ്രീം കോടതിയില്‍ ഹാജരായത്. വധശ്രമക്കേസില്‍ ഫൈസല്‍ കുറ്റക്കാരനാണെന്ന വിധിയും ശിക്ഷയും കേരള ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെ ലക്ഷദ്വീപ് ഭരണകൂടം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ ഹർജിക്കൊപ്പം പുതിയ ഹർജിയും പരിഗണിക്കും. ലോക്സഭാ സെക്രട്ടറി ജനറലിനെതിരെയാണ് ഫൈസലിന്റെ ഹർജി.
അയോഗ്യനാക്കിയ ഉത്തരവ്; ലക്ഷദ്വീപ് എം.പി നല്‍കിയ ഹർജി സുപ്രീംകോടതി ഉടന്‍ പരിഗണിക്കും
