തിരുവനന്തപുരം: നിയമസഭ സംഘർഷത്തെ തുടർന്ന് പ്രതിപക്ഷ എംഎൽഎമാർക്കെതിരെ ചുമത്തിയ ജാമ്യമില്ല വകുപ്പുകളിൽ ഒന്ന് ഒഴിവാക്കി. വാച്ച് ആന്റ് വാർഡിന്റെ എല്ല് ഒടിച്ചെന്ന് കാണിച്ച് ചുമത്തിയ വകുപ്പാണ് ഒഴിവാക്കിയത്. കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് ജാമ്യമില്ലാ വകുപ്പ് തുടരും. തിരുവനന്തപുരം സിജെഎം കോടതിയിലാണ് റിപ്പോർട്ട് നൽകിയത്.
നിയമസഭാ സംഘർഷത്തിൽ സർക്കാറിനെയും പൊലീസിനെയും വെട്ടിലാക്കിയാണ് മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നത്. സംഘർഷത്തിൽ പരിക്കേറ്റ 2 വനിതാ വാച്ച് ആന്റ് വാർഡുകളുടെ കാലിന് പൊട്ടലില്ലെന്നാണ് റിപ്പോർട്ട്. വാച്ച് ആന്റ് വാർഡിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്പിച്ചെന്ന പേരിലായിരുന്നു 7 പ്രതിപക്ഷ എംഎൽഎമാർക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തത്. പുതിയ സാഹചര്യത്തിൽ ജാമ്യമില്ലാ വകുപ്പുകളിലൊന്ന് ഒഴിവാക്കി. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന പേരിൽ ചുമത്തിയ വകുപ്പ് നിലനിൽക്കും.
സ്പീക്കറുടെ ഓഫീസിന് മുന്നിൽ സംഘർഷത്തിൽ വനിതാ വാച്ച് ആന്റ് വാർഡിന്റെ പരിക്ക് ഉന്നയിച്ചാണ് പ്രതിപക്ഷ വിമർശനങ്ങളെ ഇതുവരെ സർക്കാർ നേരിട്ടത്. വാച്ച് ആന്റ് വാർഡും ഭരണപക്ഷ എംഎൽമാരും ആക്രമിച്ചെന്ന പ്രതിപക്ഷ പരാതിയിൽ എടുത്തത് ജാമ്യം കിട്ടുന്ന വകുപ്പ്. തിരിച്ച് വാച്ച് ആന്റ് വാർഡിൻറെ പരാതിയിലാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം മ്യൂസിയം പൊലീസിന്റെ കേസ്, രണ്ട് വാച്ച് ആന്റ് വാർഡിന് കാലിന് പൊട്ടലുണ്ടെന്ന ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. എന്നാൽ ജനറൽ ആശുപത്രിയിലെ ആശുപത്രിയിലെ തുടർ ചികിത്സയിലെ സ്കാനിംഗിലാണ് വാച്ച് ആന്റ് വാർഡിന്റെ പൊട്ടലില്ലെന്ന് കണ്ടെത്തിയത്. വാച്ച് ആന്റ് വാർഡുകളുടെ ഡിസ്ചാർജ്ജ് സമ്മറിയും സ്കാൻ റിപ്പോർട്ടും ആശുപത്രി അധികൃതർ പൊലീസിന് കൈമാറി