ആര്യങ്കാവ് (കൊല്ലം)∙ കാട്ടാനയുടെ ആക്രമണത്തിൽ അമ്പനാട് തേയില തോട്ടത്തിലെ തൊഴിലാളി ഗോപാലിന് (44) ഗുരുതര പരിക്ക് 2023 മാർച്ച 23 വ്യാഴാഴ്ച്ച രാവിലെ 9ന് അരണ്ടൽ ഡിവിഷനിൽ പതിനാലാം നമ്പർഫീൽഡിൽ വച്ചാണ് സംഭവം. തോട്ടം തൊഴിലാളികളുടെ ലയങ്ങളിലേക്കുള്ള ശുദ്ധജല പൈപ്പിന്റെ തകരാർ പരിഹരിക്കാൻ പോകുമ്പോഴാണ് ആനയുടെ ആക്രമണം ഉണ്ടായത്
ശുദ്ധജല പൈപ്പ് സ്ഥിരം കാട്ടാന തകർക്കുന്നതോടെ അറ്റകുറ്റപ്പണിക്കായി ഗോപാൽ, അലക്സാണ്ടർ എന്നീ തൊഴിലാളികൾ പോകുമ്പോൾ തേയില തോട്ടത്തിലെ കാട്ടിനുള്ളിൽ നിന്ന ആന ഇരുവരുടേയും നേർക്ക് പാഞ്ഞടുക്കുകയായിരുന്നു. ആനയെ കണ്ടതോടെ ഗോപാലും അലക്സാണ്ടറും രണ്ട് വശത്തേക്ക് ഓടി.
പിന്നാലെ ഓടിയ കാട്ടാന ഗോപാലിനെ തുമ്പിക്കൈയിൽ ചുറ്റി നിലത്തടിച്ചു. നിലത്തു വീണ ഗോപാലിനെ കൊമ്പുകൊണ്ട് കുത്തി. വാരിയെല്ലിന്റെ പിൻ ഭാഗത്തു നിന്നും കൊമ്പ് ആഴ്ന്നിറങ്ങി മറുവശത്തെത്തി. കുടൽ പുറത്തു വന്ന നിലയിലായിരുന്നു. അലക്സാണ്ടർ വിവരം അറിയിച്ചതനുസരിച്ച് തൊട്ടടുത്ത് ജോലി നോക്കി വന്ന തൊഴിലുറപ്പ്തൊഴിലാളികൾ ഓടിയെത്തി ഗോപാലിനെ റോഡിലെത്തിച്ചു. സമീപത്തുള്ള ജീപ്പിൽ പാതി വഴി എത്തിച്ചപ്പോഴേക്കും 108 ആംബുലൻസ് എത്തി. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉടൻതന്നെ സോപാലിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. തുടർ ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് ഡോക്ടർമാർപറയുന്നത്.
ആനയുടെ ആക്രമണത്തിൽ പരുക്കേറ്റ തൊഴിലാളിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കുള്ള പണമില്ലാതെ സഹായത്തിനെത്തിയവര് വലയുന്നു. തോട്ടം മാനേജ്മെന്റും വനവംകുപ്പും ചികിത്സയ്ക്കുള്ള സഹായം ചെയ്യുന്നില്ലെന്നാണ് കൂടെയുള്ളവർ പരാതി പറയുന്നത്. ജോലി സ്ഥലത്തു നിന്നും വന്നതിനാൽ ആരുടെ കൈയിലും വേണ്ടത്ര പണമില്ല. ചികിത്സയുടെ കാര്യത്തിൽ സർക്കാരിന്റെ അടിയന്തിര ഇടപെടിൽ ഉണ്ടാകണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
ആനയുടെ ഉയരത്തിൽ തോട്ടത്തിലെ കാട് വളർന്നു നിൽക്കുന്നതായി തൊഴിലാളികളുടെ പരാതി. കാട് തെളിക്കാത്തതിനാൽ കാട്ടാന നിന്നാൽ കാണാൻ സാധിക്കില്ല. സോപാലിന് ആക്രമിച്ച ആനയും തോട്ടത്തിലെ കാടിനുള്ളിൽ നിൽക്കുകയായിരുന്നു. സ്ഥിരമായി ശുദ്ധജല പൈപ്പിന്റെ തകരാർ പരിഹരിക്കാൻ പോകുന്ന ഇവർകാട് തെളിക്കണമെന്ന് മാനേജ്മെന്റിനോട് പറഞ്ഞിരുന്നെങ്കിലും നടപടി ഉണ്ടായില്ല.

