യുഎഇ : ഗൾഫ് രാജ്യങ്ങളിൽവിശുദ്ധ റംസാൻ മാസത്തിന് തുടക്കമാകുന്നു. ഒമാൻ ഒഴികെയുളള ഗൾഫ് രാജ്യങ്ങളിൽ റംസാൻ വൃതാരംഭം 2023 മാർച്ച് 23 വ്യാഴാഴ്ചയാണ്. റംസാന്റെ പാശ്ചാത്തലത്തിൽ യുഎഇയിൽ നിരവധി മേഖലകളിൽ മാറ്റമുണ്ടാവും. റംസാൻ മാസത്തിൽ പണമടച്ചുള്ള പാർക്കിങ്ങിലും തൊഴിലാളികളുടെ ജോലി സമയം അടക്കമുള്ള കാര്യങ്ങളിലും മാറ്റമുണ്ട്.
വാഹനങ്ങളുടെ പൊതു പാർക്കിംഗ് തിങ്കൾ മുതൽ ശനി വരെ രാവിലെ 8 മുതൽ വൈകിട്ട് 6 വരെയും രാത്രി 8 മുതൽ അർധ രാത്രി വരെയുമായിരിക്കും. മൾട്ടി ലെവൽ പാർക്കിംഗ് ടെർമിനലുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനത്തിലായിരിക്കും പ്രവർത്തിക്കുക. റംസാൻ പ്രമാണിച്ച് തിങ്കൾ മുതൽ വ്യാഴം വരെ പുലർച്ചെ 5 മുതൽ അർധരാത്രി 12 വരെ ദുബായ് മെട്രോ പ്രവർത്തിക്കും. വെള്ളിയാഴ്ച രാവിലെ 5 മുതൽ പുലർച്ചെ 1 വരെ ട്രെയിനുകൾ ഓടും. ശനിയാഴ്ച രാവിലെ 5 മുതൽ അർദ്ധരാത്രി 12 വരെയും ഞായറാഴ്ച രാവിലെ 8 മുതൽ അർദ്ധരാത്രി 12 വരെയും ട്രെയിൻ സർവീസ് ഉണ്ടാകുമെന്ന് ദുബായി റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.
ഉപഭോക്തൃ സേവന കേന്ദ്രങ്ങങ്ങളുടെ സേവനം തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ആയിരിക്കും. വെള്ളിയാഴ്ച രാവിലെ 9 മുതൽ 12 വരെ സേവനം ലഭിക്കും. ഉം റമൂൽ, അൽ മനാറ, ദെയ്റ, അൽ ബർഷ, ആർടിഎ ഹെഡ് ഓഫീസ് എന്നിവിടങ്ങളിലെ സ്മാർട്ട് കസ്റ്റമർ ഹാപ്പിനെസ് സെന്ററുകൾ 24 മണിക്കൂറും സാധാരണപോലെ പ്രവർത്തിക്കും