പോലീസ് സ്‌റ്റേഷന്‍ ആക്രമണം അമൃത്പാലിനും സംഘത്തിനും കുരുക്കായി

ചണ്ഡിഗഡ്: കസ്റ്റഡിയിലെടുത്ത അനുയായികളിലൊരാളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞമാസം അമൃത്പാലും സംഘവും പഞ്ചാബിലെ അജ്‌നാല പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചിരുന്നു. തോക്കും വടികളും മറ്റ് ആയുധങ്ങളുമായി നടത്തിയ ആക്രമണത്തിനു പിന്നാലെ അമൃത്പാലിനും അനുയായികള്‍ക്കുമെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
വമ്പന്‍ സന്നാഹമൊരുക്കിയാണു പഞ്ചാബ് പോലീസ് അമൃത്പാലിനെ പിടികൂടാന്‍ തന്ത്രം മെനഞ്ഞത്. ഇയാള്‍ വലയിലായാല്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കു സാധ്യതയുണ്ടെന്നു രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. മുന്‍കരുതലായി ഇന്റര്‍നെറ്റ്, മൊബൈൽ സേവനങ്ങള്‍ റദ്ദാക്കിയിരുന്നു. എന്നാല്‍ എല്ലാവരെയും കബളിപ്പിച്ച് ഒളിച്ചുകടക്കാന്‍ കഴിഞ്ഞത് പോലീസിനു നാണക്കേടായി. ഇതിനിടില്‍ അമൃത്പാല്‍ പിടിയിലായെന്നു ചില ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ആശയക്കുഴപ്പത്തിനു വഴിവച്ചു.

ജലന്ധറില്‍നിന്ന് ഇയാള്‍ പോലീസ് വലയം ഭേദിച്ചു കടന്നതെന്നാണു സൂചന. കാറിലും മോട്ടോര്‍ സൈക്കിളിലുമായിട്ടായിരുന്നു സഞ്ചാരം. വാഹനങ്ങള്‍ തുടരെ മാറിക്കയറി ആയുധധാരികളായ അനുയായികളുടെ അകമ്പടിയോടെയുള്ള യാത്രയുടെ ഒരുഘട്ടത്തില്‍ പോലീസ് ഇയാളെ വലയത്തിലാക്കി. 20-25 കിലോമീറ്ററോളം പിന്തുടര്‍ന്നെങ്കിലും പോലീസിന് അമൃത്പാലിനെ പിടികൂടാനായില്ല. രാജ്യത്തുനിന്നു നേപ്പാളിലേക്കു കടന്ന് അവിടെനിന്ന് കാനഡയിലേക്കു ചേക്കേറാനാണ് ഇയാളുടെ ശ്രമമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. അമൃത്പാല്‍ ദൗത്യത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തൊട്ടാകെ അതീവസുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →