മുംബൈ: മഹാരാഷ്ട്രയിലെ താനെയില്‍ മുപ്പത്താറുകാരിയായ യുവതിയെ കബളിപ്പിച്ച് സൈബര്‍ കുറ്റവാളികള്‍ തട്ടിയെടുത്തത് 12 ലക്ഷത്തിലധികം രൂപ. സാമൂഹികമാധ്യമങ്ങളിലൂടെ ഒന്നരവര്‍ഷത്തിലധികമായുള്ള പരിചയം മറയാക്കിയായിരുന്നു തട്ടിപ്പ്. മലേഷ്യ സ്വദേശിയാണെന്നും യു.കെയിലാണു ജോലിയെന്നും തട്ടിപ്പുകാരിലൊരാള്‍ യുവതിയെ വിശ്വസിപ്പിച്ചു. ബന്ധം നിലനിര്‍ത്തിയതിനുപിന്നാലെ ഒരു സമ്മാനം അയച്ചിട്ടുണ്ടെന്ന് ഇയാള്‍ യുവതിയെ അറിയിച്ചു. ദിവസങ്ങള്‍ക്കുശേഷം ഡല്‍ഹിയിലെ കസ്റ്റംസ് ഉദ്യോഗസ്ഥയാണെന്നു പറഞ്ഞ് ഇരയ്ക്ക് ഒരു ഫോണ്‍ കോളെത്തി. സമ്മാനപ്പൊതി കസ്റ്റംസില്‍നിന്നു വിട്ടുകിട്ടാന്‍ തുക അടയ്ക്കണമെന്നും വിദേശ കറന്‍സിയും ഇതിനൊപ്പമുണ്ടെന്നും ഇവര്‍ പരാതിക്കാരിയെ പറഞ്ഞു ധരിപ്പിച്ചു. വിദേശ കറന്‍സിയും സമ്മാനവും ലഭിക്കാന്‍ പലതവണയായി യുവതി ബാങ്ക് ഇടപാടുകളിലൂടെ 12.47 ലക്ഷം രൂപ കൈമാറി. എന്നാല്‍, സമ്മാനമോ വിദേശ കറന്‍സിയോ ലഭിച്ചില്ല. ഒടുവില്‍ തട്ടിപ്പിനിരയായി എന്ന് ബോധ്യമായതോടെ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഓണ്‍ലൈന്‍ തട്ടിപ്പ്: യുവതിക്ക് നഷ്ടം 12 ലക്ഷം
