മേഖല തിരിച്ചുള്ള ബഫര്‍ സോണിന് സുപ്രീംകോടതി അനുമതി നല്‍കിയേക്കും; പുനരധിവാസം പ്രായോഗികമല്ലെന്ന് കേരളം

ന്യൂഡൽഹി: വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ ഉത്തരവില്‍ ഭേദഗതി വരുത്തുമെന്ന നിലപാട് ആവര്‍ത്തിച്ച് സുപ്രീം കോടതി. ഓരോ മേഖലകളുടെയും പ്രത്യേകത കണക്കിലെടുത്ത് ബഫര്‍ സോണ്‍ നിശ്ചയിക്കാന്‍ അനുമതി നല്‍കിയേക്കുമെന്ന സൂചനയാണ് സുപ്രീം കോടതി നല്‍കിയത്. ഈ മേഖലകളില്‍ ചട്ടങ്ങളില്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്നും കോടതി വാക്കാല്‍ വ്യക്തമാക്കി. മുന്‍ ഉത്തരവില്‍ ഭേദഗതി ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ വിധി പറയാനായി സുപ്രീം കോടതി മാറ്റി.

സംരക്ഷിത മേഖലകള്‍ക്ക് ചുറ്റും ബഫര്‍ സോണ്‍ വേണ്ട എന്ന നിലപാട് കേരളം സുപ്രീം കോടതിയില്‍ ഉന്നയിച്ചില്ല. എന്നാല്‍ ബഫര്‍ സോണ്‍ മേഖലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന് കേരളം വാദിച്ചു. വനത്തിലുള്ളില്‍ താമസിക്കുന്ന ആദിവാസികളുടെ താത്പര്യം സംരക്ഷിക്കണം. അതിനാല്‍ അന്തിമ, കരട് വിജ്ഞാപനങ്ങള്‍ക്ക് ഇറങ്ങിയ മേഖലകള്‍ക്ക് ഇളവ് അനുവദിക്കണമെന്നും കേരളം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത, സ്റ്റാന്റിംഗ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവരാണ് കേരളത്തിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →