കൊച്ചി: ബ്രഹ്‌മപുരത്തു തീപിടിത്തം ആവര്‍ത്തിക്കാതിരിക്കാന്‍ നിര്‍ദേശങ്ങളുമായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ബോര്‍ഡ് ദേശീയ ഹരിത ട്രിബ്യൂണലിനു കൈമാറി. ബ്രഹ്‌മപുരത്ത് നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ പത്തിന കര്‍മപദ്ധതി ജൂണ്‍ അഞ്ചിനകം കൊച്ചി കോര്‍പ്പറേഷന്‍ നടപ്പാക്കണമെന്നാണു റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശം. ആളുകള്‍ റോഡരികില്‍ മാലിന്യം വലിച്ചെറിയുന്നില്ലെന്ന് ഉറപ്പാക്കാന്‍ മുഴുവന്‍സമയ നിരീക്ഷണം ഉറപ്പാക്കണം.
ഉറവിട മാലിന്യസംസ്‌കരണം ഫ്‌ളാറ്റുകളില്‍ നടപ്പാക്കണം. പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യം ബ്രഹ്‌മപുരത്തേക്കു കൊണ്ടുവരുന്നത് നിര്‍ത്തണമെന്നും റിപ്പോര്‍ട്ടിലുണ്ട്. അജൈവ മാലിന്യം പ്രാദേശികമായി കേന്ദ്രങ്ങള്‍ രൂപീകരിച്ചു ശേഖരിച്ച് ക്ലീന്‍ കേരള കമ്പനിക്കു കൈമാറണം. സാനിറ്ററി പാഡുകളും ഡയപ്പറുകളും എളംകുളത്തുള്ള ബയോമെഡിക്കല്‍ മാലിന്യസംസ്‌കരണ കേന്ദ്രത്തിലെത്തിക്കണം. ജൈവമാലിന്യ സംസ്‌കരണ പ്ലാന്റിലെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്നും റിപ്പോര്‍ട്ട് കോര്‍പ്പറേഷനോടാവശ്യപ്പെടുന്നു. ദേശീയ ഹരിത ട്രിബ്യൂണലിന്റെ ചെെന്നെ ബെഞ്ച് ഇന്നു റിപ്പോര്‍ട്ട് പരിഗണിക്കും.