കാബൂള്‍: ഓഫീസിലുണ്ടായ ചാവേറാക്രമണത്തില്‍ അഫ്ഗാനിസ്ഥാനിലെ ബാള്‍ക്ക് പ്രവിശ്യാ ഗവര്‍ണര്‍ കൊല്ലപ്പെട്ടു. ഐ.എസ്. ഭീകരര്‍ക്കെതിരേ സ്വീകരിച്ച കടുത്ത നിലപാടുകളുടെ പേരില്‍ ശ്രദ്ധേയനായ താലിബാന്‍ ഗവര്‍ണര്‍ മുഹമ്മദ് ദാവൂദ് മുസമ്മിലാണു മരിച്ചത്. കാബൂളില്‍ താലിബാന്‍ സര്‍ക്കാര്‍ ഉന്നതരെ സന്ദര്‍ശിച്ച് മടങ്ങിയെത്തി ഒരുദിവസം പിന്നിട്ടപ്പോഴായിരുന്നു ചാവേറാക്രമണം.
ബാള്‍ക്ക് പ്രവിശ്യാ തലസ്ഥാനമായമസാറി ഷെരീഫിലെ കെട്ടിടസമുച്ചയത്തിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ ഇന്നലെ രാവിലെയായിരുന്നു സ്‌ഫോടനം. ഓഫീസ് മുറിയിലെത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ ഗവര്‍ണര്‍ക്കൊപ്പം ചാവേറും കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്.

