ലാലു കുടുംബത്തിനു പിന്നാലെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍

ജോലിക്കു പകരം ഭൂമി അഴിമതിക്കേസില്‍ ലാലുകുടുംബത്തെ വിടാതെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍. ആര്‍.ജെ.ഡി. നേതാവ് ലാലുപ്രസാദ് യാദവിന്റെ മകനും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിന്റെയും സഹോദരിമാരുടെയും വസതികളില്‍ റെയ്ഡുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി).
കഴിഞ്ഞ ദിവസങ്ങളില്‍ ലാലു പ്രസാദ് യാദവിനെയും ഭാര്യ റാബ്രി ദേവിയെയും സി.ബി.ഐ. ചോദ്യം ചെയ്തിരുന്നു. ഇതിനു തുടര്‍ച്ചയായാണ് റെയ്‌ഡെന്നു കരുതുന്നു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസില്‍ ലാലുവിന്റെയും ഉറ്റബന്ധുക്കളുടെയും വസതികളിലും അനുബന്ധ സ്ഥാപനങ്ങളിലുമായിരുന്നു പരിശോധന. വിവിധയിടങ്ങളിലായി പതിനഞ്ചോളം കേന്ദ്രങ്ങളിലാണു റെയ്ഡ് നടത്തിയത്.

ലാലുവിന്റെ മക്കളായ തേജസ്വി യാദവ്, രാഗിണി യാദവ്, ചന്ദ യാദവ്, ഹേമ യാദവ് എന്നിവര്‍ക്കു പുറമേ ലാലുവിന്റെ ഉറ്റ അനുയായിയായ മുന്‍ ആര്‍.ജെ.ഡി. മുന്‍ എം.എല്‍.എ: അബു ദോജാനയുടെ പട്‌നയിലെ വസതിയിലും പരിശോധന നടന്നു. പട്‌ന, റാഞ്ചി, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലെ രണ്ടു ഡസനോളം കേന്ദ്രങ്ങളില്‍ ഇ.ഡി. ഉദ്യോഗസ്ഥവൃന്ദമെത്തി രേഖകളടക്കം പരിശോധിച്ചു. തേജസ്വിയുടെ ഡല്‍ഹിയിലെ വസതിയിലായിരുന്നു പരിശോധന. ബി.ജെ.പിയുടെ പ്രതികാരരാഷ്ട്രീയത്തിന്റെ ഇരകളാണു തങ്ങളെന്ന് തേജസ്വി യാദവിനോട് അടുത്തവൃത്തങ്ങള്‍ പറഞ്ഞു. ഫാസിസ്റ്റുകള്‍ക്കും കലാപകാരികള്‍ക്കും മുന്നില്‍ മുട്ടുമടക്കാത്തതിന്റെ പേരിലാണ് ഇപ്പോഴത്തെ റെയ്ഡ്. പൂര്‍ണഗര്‍ഭിണിയായ തേജസ്വിയുടെ ഭാര്യയെയും കുടുംബത്തിലെ കുഞ്ഞുകുട്ടികളെപ്പോലും ഇ.ഡി. ഒഴിവാക്കിയില്ല. ഈ നീതികേട് ഒരിക്കലും മറക്കില്ല- സാമൂഹികമാധ്യമങ്ങളിലെ കുറിപ്പില്‍ വ്യക്തമാക്കുന്നു. ജോലിക്കു പകരം ഭൂമി അഴിമതിക്കേസില്‍ കഴിഞ്ഞ ഏഴിന് മുന്‍ കേന്ദ്ര റെയില്‍വേ മന്ത്രികൂടിയായ ലാലുപ്രസാദ് യാദവിനെ സി.ബി.ഐ. ചോദ്യം ചെയ്തിരുന്നു. വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുശേഷം ഡല്‍ഹിയില്‍ മകള്‍ മിസാ ഭാരതി എം.പിയുടെ വസതിയില്‍ വിശ്രമത്തില്‍ കഴിയുന്നതിനിടെയായിരുന്നു ചോദ്യംചെയ്യല്‍. ഇതിന് ഒരുദിവസം മുമ്പ് ലാലുവിന്റെ ഭാര്യ റാബ്രി ദേവിയെ പട്‌നയിലെ വസതിയിലെത്തി സി.ബി.ഐ. ചോദ്യം ചെയ്തിരുന്നു.
2004-2009 കാലയളവില്‍ ലാലു കേന്ദ്ര റെയില്‍വേ മന്ത്രിയായിരിക്കെ റെയില്‍വേയില്‍ ജോലിനല്‍കി ഉദ്യോഗാര്‍ഥികളില്‍നിന്നു പകരം ചുളുവിലയ്ക്കു ഭൂമി കൈക്കലാക്കിയെന്നാണു കേസ്. കഴിഞ്ഞവര്‍ഷം മേയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ലാലു, ഭാര്യ, മക്കള്‍ എന്നിവര്‍ക്കുപുറമേ ഈവിധത്തില്‍ ജോലി തരപ്പെടുത്തിയ 12 പേരും പ്രതികളാണ്.

Share
അഭിപ്രായം എഴുതാം