തുരുത്തി: ചങ്ങനാശ്ശേരി തുരുത്തിയിൽ കഴിഞ്ഞ ദിവസം രാത്രി ആന ഇടഞ്ഞത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തി. തുരുത്തി ഈശാനത്തു കാവ് ക്ഷേത്രത്തിന് സമീപം രാത്രി പത്തരയോടെയാണ് ആന ഇടഞ്ഞത്. ഉത്സവത്തിന്കൊണ്ടുപോകാനായി ലോറിയിലേക്ക് കയറ്റിയപ്പോഴാണ് വാഴപ്പള്ളി മഹാദേവൻ എന്ന ആന ഇടഞ്ഞത്. അക്രമാസക്തനായ ആന ലോറിക്ക് കാര്യമായ നാശനഷ്ടം വരുത്തി. ആന ഇടഞ്ഞതോടെ എം സി റോഡിൽ വാഹന ഗതാഗതം പൊലീസ് വഴിതിരിച്ചു വിട്ടു. മേഖലയിലെ വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. രാത്രി 12 മണിയോടെ എലിഫന്റ് സ്ക്വാഡ് സ്ഥലത്തെത്തിയാണ് ആനയെ മയക്കു വെടി വെച്ച് തളച്ചത്.
2023 ഫെബ്രുവരി അവസാനവാരം പാലക്കാട് പാടൂർ വേലക്കിടെ ആനയിടഞ്ഞ് ഏറെ നേരം പരിഭ്രാന്തി പരത്തിയിരുന്നു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് ഇടഞ്ഞത്. എഴുന്നള്ളത്തിന് ആനപ്പന്തലിൽ അണിനിരന്നതിനു ശേഷമാണ് ആന മുന്നോട്ട് ഓടി പരിഭ്രാന്തി പരത്തിയത്. ഉടൻ തന്നെ എലിഫന്റ് സ്ക്വാഡും പാപ്പാന്മാരും ആനയെ തളച്ചതിനാൽ വൻ അപകടം ഒഴിവായി. പിറകിൽ നിന്നിരുന്ന ആന ചിന്നം വിളിച്ചതിൽ പ്രകോപിതനായാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ മുന്നോട്ട് ഓടിയത്. ഓടുന്നതിനിടെ ഒന്നാം പാപ്പാൻ നെന്മാറ കരിമ്പാറ സ്വദേശി രാമന്(63) ആനക്കിടയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റിരുന്നു.
ഫെബ്രുവരി ആദ്യ വാരത്തിൽ എറണാകുളത്തും തൃശൂരിലുമായി രണ്ടിടത്ത് ആനയിടഞ്ഞിരുന്നു. എറണാകുളം പെരുമ്പാവൂരിനടുത്ത് ഇടവൂരിൽ ക്ഷേത്ര ഉത്സവത്തിന് കൊണ്ടുവന്ന കൊളക്കാട് ഗണപതിയെന്ന ആനയാണ് ഇടഞ്ഞത്. ഇടവൂർ ശങ്കരനാരായണ ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലാണ് ആന ഇടഞ്ഞത്. ആനയെ തളക്കാൻ സാധിച്ചത് വലിയ അപകടമൊഴിവാക്കി. തൃശ്ശൂരിൽ എടമുട്ടത്ത് തൈപ്പൂയ്യാഘോഷത്തിനിടെയാണ് ആനയിടഞ്ഞത്.