അഡ്വ. ഷുക്കൂറിനെതിരെ കൗൺസിൽ ഫോർ ഫത്‌വ ആന്റ് റിസർച്ച്

കാസർകോട്: ഇസ്ലാമിക നിയമങ്ങൾ ജീവിതത്തിൽ മുറപോലെ കൊണ്ടു നടക്കുന്നു എന്ന് അവകാശപ്പെടുന്ന വ്യക്തി സ്പെഷ്യൽ മാര്യേജ് ആക്ട് അനുസരിച്ച് രണ്ടാമത് വിവാഹം നടത്തുന്നത് വിരോധാഭാസമാണെന്ന് കൗൺസിൽ ഫോർ ഫത്‌വ ആന്റ് റിസർച്ച്. അഡ്വ. ഷുക്കൂർ തന്റെ ദാമ്പത്യത്തിന്റെ 28-ാം വർഷത്തിൽ സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വീണ്ടും ഭാര്യയെ വിവാഹം കഴിച്ച നടപടിക്കെതിരെയാണ് കൗൺസിൽ ഫോർ ഫത്‌വ ആന്റ് റിസർച്ച് പുറത്തിറക്കിയ പ്രസ്താവന.

തങ്ങളുടെ സ്വാർത്ഥക്ക് വേണ്ടി മാത്രം മതത്തെ ഉപയോഗിക്കുന്നവരുടെ ഇത്തരം നാടകങ്ങളിലൊന്നും വിശ്വാസികൾ വഞ്ചിതരാകില്ലെന്നും വിശ്വാസികളുടെ ആത്മവീര്യം തകർക്കുന്ന കുത്സിത നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നും അഡ്വ. ഷുക്കൂറിനെതിരെ കൗൺസിൽ ഫോർ ഫത്‌വ ആന്റ് റിസർച്ച് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

അഡ്വ. ഷുക്കൂർ ഫേസ്ബുക്കിലൂടെയാണ് തനിക്കെതിരെയുള്ള പ്രസ്താവനയെക്കുറിച്ച് അറിയിച്ചത്. മരാണാനന്തരം തന്റെ സമ്പാദ്യങ്ങൾ മുഴുവനും മൂന്ന് പെൺമക്കൾക്ക് മാത്രം ലഭിക്കാനാണ് വക്കീൽ ഈ വിവാഹ നാടകം നടത്തിയിരിക്കുന്നത്. സാമ്പത്തിക വ്യവസ്ഥിതിയെ സംബന്ധിച്ച് ഇസ്ലാം മുന്നോട്ടു വയ്ക്കുന്ന കാഴ്ചപ്പാടുകളെ മനസിലാക്കാത്തതിന്റെ ദുരന്തമാണ് ഇത്തരം ആലോചനകൾ. ഒരാളുടെ മരണത്തോടെ തന്റെ സ്വത്ത് അതിന്റെ യഥാർത്ഥ ഉടമസ്ഥർ തിരിച്ചെടുക്കുകയും കുറ്റമറ്റ രീതിയിൽ പുനർ വിഭജനം നടത്തുന്നതുമാണ് ഇസ്ലാമിലെ അനന്തരാവകാശ നിയമം. ഇത് അനന്തര സ്വത്തുമായി മാത്രം ബന്ധപ്പെട്ട് നിൽക്കുന്നതാണ്. എന്നാൽ ജീവിത കാലത്ത് സമ്പാദ്യം മുഴുവനായും പെൺകുട്ടികൾക്ക് വീതം നൽകുന്നതിന് മതം ഒരു തടസമല്ലെന്നും കുറിപ്പിൽ പറയുന്നു.

അതേസമയം കൗൺസിൽ ഫോർ ഫത്‌വ ആന്റ് റിസർച്ചിന് മറുപടിയുമായി ഷുക്കൂർ വക്കീലും രംഗത്തെത്തി. മത നിയമങ്ങളെ ഒന്നും അവഹേളിക്കുന്നില്ല. ഒരു വിശ്വാസിയുടെയും ആത്മവീര്യം തകർക്കാനും ഉദ്ദേശിക്കുന്നില്ല. “പ്രതിരോധം” എന്ന വാക്കിനെ തെറ്റായി ധരിച്ച് ഏതെങ്കിലും ഒരാൾ എന്നെ കായികമായി അക്രമിക്കുവാൻ തുനിഞ്ഞാൽ അതിന്റെ പൂർണ്ണമായ ഉത്തരവാദികൾ ഈ സ്റ്റേറ്റ്മെന്റ് ഇറക്കിയവർ മാത്രമായിരിക്കും- ഷുക്കൂർ ഫേസ്ബുക്കിൽ കുറിച്ചു.

2023 മാർച്ച് 8 ന് രാവിലെയാണ് നടനും അഭിഭാഷകനുമായ ഷുക്കൂറും കണ്ണൂർ സർവകലാശാല നിയമവകുപ്പ് മേധാവിയുമായ ഷീനയും രണ്ടാമതും വിവാഹിതരായത്. ബുധനാഴ്ച രാവിലെ 10.15ന് ഹൊസ്ദുർഗ് സബ് രജിസ്ട്രർ ഓഫീസിൽ സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമാണ് വിവാഹം നടന്നത്. ലോക വനിതാ ദിനത്തിൽ തങ്ങളുടെ പെൺമക്കളെ സാക്ഷിയാക്കിയാണ് ദാമ്പത്യത്തിന്റെ 28-ാം വർഷത്തിൽ ഇരുവരും രജിസ്ട്രർ വിവാഹം ചെയ്തത്. ഷുക്കൂറിന്റേയും ഷീനയുടേയും മക്കളായ ഖദീജ ജാസ്മിൻ, ഫാത്തിമ ജെബിൻ, ഫാത്തിമ ജെസ എന്നിവരൊപ്പമെത്തിയാണ് ഷുക്കൂറും ഷീനയും രണ്ടാമതും വിവാഹിതരായത്.

ഷുക്കൂറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം : നന്ദി പടച്ചവൻ അനുഗ്രഹിക്കട്ടെ എല്ലാ മനുഷ്യരെയും തുല്യരായി കാണുവാൻ കഴിയുന്ന കാലം വരുമെന്നു തന്നെയാണ് പ്രതീക്ഷ.മത നിയമങ്ങളെ ഒന്നും അവഹേളിക്കുന്നില്ല. ഒരു വിശ്വാസിയുടെയും ആത്മവീര്യം തകർക്കാനും ഉദ്ദേശിക്കുന്നില്ല.അതു കൊണ്ട് എനിക്കെതിരെ ഒരു ശക്തമായ പ്രതിരോധവും വേണ്ട സഹോദരങ്ങളെ. “പ്രതിരോധം” എന്ന വാക്കിനെ തെറ്റായി ധരിച്ച് ഏതെങ്കിലും ഒരാൾ എന്നെ കായികമായി അക്രമിക്കുവാൻ തുനിഞ്ഞാൽ അതിന്റെ പൂർണ്ണമായ ഉത്തരവാദികൾ ഈ സ്റ്റേറ്റ് മെന്റ് ഇറക്കിയവർ മാത്രമായിരിക്കും. നിയമ പാലകർ ശ്രദ്ധിക്കുമെന്നു കരുതുന്നു. സ്നേഹം

.

Share
അഭിപ്രായം എഴുതാം