റയാല്‍ മാഡ്രിഡിന് സമനിലക്കുരുക്ക്

മാഡ്രിഡ്: സ്പാനിഷ് ഫുട്‌ബോള്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്‍ റയാല്‍ മാഡ്രിഡിന് സമനിലക്കുരുക്ക്. റയാല്‍ ബെറ്റിസാണ് റയാല്‍ മഡ്രിഡിനെ ഗോള്‍ രഹിത സമനിലയില്‍ തളച്ചത്. സ്വന്തം തട്ടകമായ ബെനിറ്റോ വിലാമാരിന്‍ സ്‌റ്റേഡിയത്തില്‍ റയാലിനെ അടിമുടി വിറപ്പിക്കാന്‍ ബെറ്റിസിനായി. 24 കളികളില്‍നിന്ന് 41 പോയിന്റുള്ള ബെറ്റിസിന് അഞ്ചാം സ്ഥാനത്തു തുടരാനുമായി. 53 പോയിന്റുള്ള റയാല്‍ രണ്ടാം സ്ഥാനത്തു തുടരുകയാണ്.

12-ാം മിനിറ്റില്‍ കരിം ബെന്‍സൈമയെടുത്ത ഫ്രീ കിക്ക് വലയില്‍ കയറിയെങ്കിലും വാര്‍ ഗോള്‍ അനുവദിച്ചില്ല. പന്ത് റയാല്‍ താരം അന്റോയിന്‍ റൂഡിഗറിന്റെ കൈയില്‍ തട്ടിയാണു പന്ത് വലയില്‍ പതിച്ചതെന്നു വ്യക്തമായതോടെയാണ് ഗോള്‍ നിഷേധിച്ചത്. മത്സരത്തിലുടനീളം ഇരുടീമുകളും മികച്ച ആക്രമണം പുറത്തെടുത്തെങ്കിലും ഗോള്‍ പിറന്നില്ല. കോപാ ഡെല്‍ റേ സെമി ഫൈനലിന്റെ ആദ്യപാദ മത്സരത്തില്‍ റയാല്‍ ബാഴ്‌സലോണയോട് തോറ്റിരുന്നു. 24 മത്സരങ്ങളില്‍ നിന്ന് 62 പോയിന്റുമായി ബാഴ്‌സലോണ ഒന്നാം സ്ഥാനത്തു തുടരുകയാണ്. ബാഴ്‌സയ്ക്ക് ഒന്‍പത് പോയിന്റിന്റെ ലീഡ് നേടാനായി. സ്വന്തം തട്ടകമായ ന്യൂ ക്യാമ്പില്‍ വലന്‍സിയയെ 1-0 ത്തിനു തോല്‍പ്പിച്ചതാണു ബാഴ്‌സയ്ക്കു ഗുണമായത്. ഫെറാന്‍ ടോറസ് പെനാല്‍റ്റി പാഴാക്കിയതും റൊണാള്‍ഡ് അറോഹോയുടെ ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായതും മത്സരം നാടകീയമാക്കി. 15-ാം മിനിറ്റില്‍ സെര്‍ജിയോ ബസ്‌ക്വറ്റ്‌സിന്റെ സഹായത്തോടെ റാഫീഞ്ഞ ഗോളടിച്ചു. രണ്ടാം പകുതിയില്‍ ലീഡ് ഉയര്‍ത്താന്‍ ബാഴ്‌സയ്ക്ക് അവസരം ലഭിച്ചു. 55-ാം മിനിറ്റില്‍ ക്രിസ്റ്റന്‍സണിന്റെ ഗോളിലേക്കുള്ള ഷോട്ടില്‍ ഗൂലിയാമോന്റെ കൈ തട്ടി. റഫറി ഒട്ടും വൈകാതെ പെനാല്‍റ്റി വിധിച്ചു.
ഫെറാന്‍ ടോറസിന്റെ സ്‌പോട്ട് കിക്ക് പോസ്റ്റില്‍ തട്ടി പുറത്തേക്ക് പോയി. പിന്നാലെ 59-ാം മിനിറ്റില്‍ കൗന്‍ഡെയെ വലിച്ചിട്ട് റൊണാള്‍ഡ് അറോഹോ ചുവപ്പ് കാര്‍ഡ് പുറത്തായതോടെ ബാഴ്‌സ സമ്മര്‍ദ്ദത്തിലായി. വലന്‍സിയയ്ക്ക് ഈ ആനുകൂല്യം മുതലാക്കാനായില്ല. 24 കളികളില്‍നിന്ന് 23 പോയിന്റ് മാത്രമുള്ള വലന്‍സിയ തരംതാഴ്ത്തല്‍ മേഖലയിലാണ്. വലന്‍സിയ 19-ാമതും എല്‍ചെ 12 പോയിന്റുമായി ഏറ്റവും പിച്ചില്‍ 20-ാമതുമാണ്.

24 കളികളില്‍നിന്ന് 25 പോയിന്റുമായി 18-ാമതുള്ള അല്‍മീരയും തരംതാഴ്ത്തല്‍ മേഖലയിലാണ്. ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് 6-1 നു സെവിയയെ തോല്‍പ്പിച്ചു. പുതിയ തട്ടകമായ സിവിറ്റാസ് മെട്രോപോളിറ്റാനോയില്‍ നടന്ന മത്സരത്തില്‍ അത്‌ലറ്റിക്കോയ്ക്കു വേണ്ടി മെംഫിസ് ഡിപായ്, ആല്‍വാരോ മൊറാട്ട എന്നിവര്‍ ഇരട്ട ഗോളുകളടിച്ചു. അന്റോയിന്‍ ഗ്രീസ്മാന്‍, യാനിസ് കാരാസ്‌കോ എന്നിവര്‍ ഒരു ഗോള്‍ വീതവുമടിച്ചു. എന്‍ നെസ്‌റിയാണു സെവിയയ്ക്കു വേണ്ടി ഒരു ഗോളടിച്ചത്. 24 കളികളില്‍നിന്നു 45 പോയിന്റുള്ള അത്‌ലറ്റിക്കോ മൂന്നാം സ്ഥാനത്തും 25 പോയിന്റുള്ള സെവിയ 17-ാം സ്ഥാനത്തുമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →