കോഴിക്കോട് : കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ മർദ്ദിച്ച സംഭവം അപലപനീയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യ പ്രവർത്തകർക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
ഒരാഴ്ചമുമ്പ് നടന്ന പ്രസവത്തിൽ കുഞ്ഞ് മരിച്ചതുമായി ബന്ധപ്പെട്ടാണ് ഫാത്തിമ ആശുപത്രിയിൽ സംഘർഷമുണ്ടായത്. ചികിത്സപ്പിഴവാണ് കുഞ്ഞു മരിക്കാനിടയാക്കിയത് എന്നാരോപിച്ച് കുട്ടിയുടെ ബന്ധുക്കൾ ആശുപത്രി ആക്രമിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിൽത്തുടരുന്ന യുവതിയുടെ സി.ടി. സ്കാൻ ഫലം വൈകുന്നുവെന്നും ആശുപത്രി അധികൃതർ മരണം സംബന്ധിച്ച വിവരം മറച്ചുവെക്കുന്നുവെന്നും ആരോപിച്ച് പതിനഞ്ചോളംവരുന്ന സംഘം ആശുപത്രിയിൽ അതിക്രമിച്ചുകടന്ന് ചില്ലുകളുംമറ്റും അടിച്ചുതകർക്കുകയായിരുന്നു. അക്രമം തടയാനെത്തിപ്പോഴാണ് സീനിയർ കാർഡിയോളജിസ്റ്റ് ഡോ. പി.കെ. അശോകന് മർദനമേറ്റത്.പ്രസവത്തിനായി എത്തിയപ്പോൾ യുവതിക്ക് അണുബാധയുണ്ടായിരുന്നുവെന്നും കുഞ്ഞിനെ രക്ഷിക്കാൻ എല്ലാശ്രമവും നടത്തിയിരുന്നുവെന്നുമായിരുന്നു ആശുപത്രി അധികൃതരുയെ വിശദീകരണം..
.

