മഹാകുംഭം: രാജസ്ഥാനില്‍ ബി.ജെ.പിക്കും വെല്ലുവിളിയാകുമോ

ജയ്പുര്‍: ഈ വര്‍ഷാവസാനം രാജസ്ഥാനില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസിനും ബി.ജെ.പിക്കും വെല്ലുവിളിയായി ജാട്ട് ഒത്തുചേരല്‍. മഹാകുംഭം എന്ന പേരില്‍ ഇന്നലെ ജയ്പൂരില്‍ നടന്ന ജാട്ട് സമ്മേളനം സമുദായത്തിന്റെ ശക്തിപ്രകടനമായി വിലയിരുത്തപ്പെടുന്നു. എന്നാല്‍, ചില പ്രമുഖ നേതാക്കള്‍ വിട്ടുനിന്നതു ജാട്ട് വോട്ടുകളില്‍ ഭിന്നിപ്പുണ്ടാകുമെന്ന സൂചനയും നല്‍കുന്നു. ജാട്ട് വോട്ടുകള്‍ അനുകൂലമാക്കാന്‍ ബി.ജെ.പിയും കോണ്‍ഗ്രസും ശ്രമം തുടങ്ങി. രാജസ്ഥാന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനമുള്ള സമുദായമാണു ജാട്ടുകള്‍. സ്വാതന്ത്ര്യലബ്ധി മുതല്‍ സമുദായം കോണ്‍ഗ്രസിനൊപ്പമായിരുന്നു. എന്നാല്‍, 1999-ല്‍ അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാര്‍ ജാട്ടുകള്‍ക്ക് ഒ.ബി.സി. വിഭാഗത്തില്‍ സംവരണം അനുവദിച്ചപ്പോള്‍ ജാട്ടുകളുടെ പിന്തുണ ബി.ജെ.പിക്കായി.

2018 ലെ സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായി, സമുദായത്തിന് അര്‍ഹതപ്പെട്ടതു ലഭിച്ചില്ലെന്നു ജാട്ട് നേതാക്കള്‍ പരാതി ഉന്നയിച്ചു. ജാട്ട് മുഖ്യമന്ത്രി വേണമെന്ന ആവശ്യവും അവര്‍ ഉന്നയിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രി വസുന്ധര രാജെ, അനുനയത്തിനു ശ്രമിച്ചു. താന്‍ സ്വയം ‘ജാട്ട് കി ബഹു’ (ജാട്ടുകളുടെ മരുമകള്‍) ആണെന്നു പ്രഖ്യാപിച്ചെങ്കിലും ഫലമുണ്ടായില്ല. തെരഞ്ഞെടുപ്പില്‍, ജാട്ടുകളുടെ ശക്തികേന്ദ്രമെന്നു കരുതപ്പെടുന്ന 30 സീറ്റുകളില്‍ 18 സീറ്റുകള്‍ കോണ്‍ഗ്രസ് നേടി. കോണ്‍ഗ്രസ് അധികാരം പിടിക്കുന്നതില്‍ ഇതു നിര്‍ണായകമായി. 2018 ലെ സംസ്ഥാന തെരഞ്ഞെടുപ്പിനു മുമ്പ്, ബി.ജെ.പി. നേതാവായ ഹനുമാന്‍ ബെനിവാള്‍ സ്വന്തം സംഘടന രൂപീകരിച്ചിരുന്നു. പിന്നീട് അദ്ദേഹം ബി.ജെ.പിയുമായി കൂട്ടുകൂടി. 2020-ല്‍, കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ പ്രതിഷേധം ആഞ്ഞടിച്ചപ്പോള്‍ എന്‍.ഡി.എ.വിട്ടു. കര്‍ഷകരുടെ താല്‍പ്പര്യങ്ങളേക്കാള്‍ ഒരു സഖ്യവും പ്രധാനമല്ലെന്ന് പറഞ്ഞായിരുന്നു മുന്നണി വിട്ടത്. ഇന്നലെ ചേര്‍ന്ന സമ്മേളനത്തില്‍ ബെനിവാള്‍ പങ്കെടുത്തിരുന്നില്ല. ഇതു ജാട്ട് വോട്ടുകളില്‍ ഭിന്നിപ്പുണ്ടാകുമെന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു.

കരുനീക്കവുമായി ബി.ജെ.പി.

ജാട്ട് പിന്തുണ തിരിച്ചുപിടിക്കാന്‍ ബി.ജെ.പിയും നീക്കം തുടങ്ങി. കര്‍ഷക കുടുംബാംഗവും ജാട്ട് വിഭാഗത്തില്‍നിന്നുള്ള നേതാവുമായ ജഗ്ദീപ് ധന്‍കറെ ഉപരാഷ്ട്രപതിയാക്കിയത് ഗുണം ചെയ്യുമെന്നാണു പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. വിജയത്തിന് ജാട്ട് വോട്ടുകളുടെ ഏകീകരണം അനിവാര്യമാണെന്നാണുപാര്‍ട്ടിയുടെ വിലയിരുത്തല്‍. സമുദായത്തിന്റെ വോട്ടുകള്‍ ഭിന്നിക്കുന്നതു തടയാന്‍ ബെനിവാള്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ വീണ്ടും മുന്നണിയിലെത്തിക്കാനും ശ്രമം നടക്കുന്നുണ്ട്. മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെയും കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തും തമ്മിലുള്ള അധികാര വടംവലി തടയുക എന്നതാണു പാര്‍ട്ടിക്കു മുന്നിലെ വലിയ വെല്ലുവിളി. കോണ്‍ഗ്രസിലെ പൈലറ്റ്-ഗെലോട്ട് പോരിനെ കവച്ചുവയ്ക്കുന്നതാണ് വസുന്ധരയും ഷെഖാവത്തും തമ്മിലുള്ള വൈരം. അടുത്തിടെ ധോല്‍പുരില്‍ രാജെയുടെ പിറന്നാള്‍ ആഘോഷം ശക്തിപ്രകടനമെന്ന നിലയിലാണ് അവരുടെ അണികള്‍ കൊണ്ടാടിയത്. രാജസ്ഥാനിലെ ഏറ്റവും പ്രധാനപ്പെട്ട ജാട്ട് കേന്ദ്രങ്ങളില്‍ ഒന്നാണ് വസുന്ധരയുടെ തട്ടകമായ ധോല്‍പുര്‍ എന്നതും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. സച്ചിന്‍ പൈലറ്റിന് മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതില്‍ ഗുര്‍ജറുകള്‍ക്കുള്ള അമര്‍ഷം മുതലെടുക്കാനും പാര്‍ട്ടി ശ്രമിക്കുന്നുണ്ട്.

കോണ്‍ഗ്രസിന് വെല്ലുവിളി

മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള പോരാട്ടത്തിനിടയില്‍ ജാട്ട് വോട്ടുകള്‍ കൈവിടുന്നതു കോണ്‍ഗ്രസിനു വലിയ വെല്ലുവിളിയാകും. ഗുര്‍ജാര്‍ സമുദായത്തില്‍ നിന്നുള്ള സച്ചിന്‍ പൈലറ്റ്, കോണ്‍ഗ്രസിന് പിന്തുണ നേടുന്നതിനായി ജാട്ട് ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഇപ്പോള്‍ പര്യടനം നടത്തുകയാണ്. ജാട്ട് പിന്തുണയോടെ സംഘടനയ്ക്കുള്ളില്‍ കൂടുതല്‍ കരുത്തുനേടുക എന്ന ലക്ഷ്യവും പൈലറ്റിനുണ്ട്. അശോക് ഗെലോട്ടും ജാട്ട് പിന്തുണയ്ക്കായി ശ്രമം നടത്തുന്നുണ്ട്.

Share

About ശ്രുതി ലാൽ

View all posts by ശ്രുതി ലാൽ →