ഏഷ്യാനെറ്റ്‌ ന്യൂസ്‌ ഓഫീസിന് നേരെയുണ്ടായ എസ്എഫ്ഐ അതിക്രമം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് ഇ പി ജയരാജൻ

തിരുവനന്തപുരം: ഏഷ്യാനെറ്റ്‌ ന്യൂസ്‌ ഓഫീസിന് നേരെയുണ്ടായ എസ്എഫ്ഐ അതിക്രമം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് സിപിഎം കേന്ദ്രകമ്മറ്റി അം​ഗവും എൽഡിഎഫ് കൺവീനറുമായ ഇ പി ജയരാജൻ പ്രതികരിച്ചു. അതേസമയം ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിന് നേരെയുണ്ടായ എസ്എഫ്ഐ അതിക്രമം സമീപകാല കേരള ചരിത്രത്തിലെ ഏറ്റവും മോശവും സമാനതകളില്ലാത്ത അപകീർത്തികരമായ പ്രവൃത്തിയാണെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ ബിആർപി ഭാസ്കർ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ബിആർപി ഭാസ്കർ എസ്എഫ്ഐയെ വിമർശിച്ചത്.

2023 മാർച്ച് 3ന് രാത്രി ഏഴരയോടെയാണ് ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസിലേക്ക് എസ്എഫ്ഐ സംഘം അതിക്രമിച്ച് കയറിയത്. മുപ്പതോളം വരുന്ന എസ്എഫ്ഐ സംഘം സുരക്ഷാ ജീവനക്കാരെ തള്ളിമാറ്റി ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചിയിലെ റീജിയണൽ ഓഫീസിലെത്തി പ്രവർത്തനം തടസ്സപ്പെടുത്തി. കേരളം മുമ്പങ്ങും കാണാത്തവിധം ഒരു മാധ്യമ സ്ഥാപനത്തിന് അകത്ത് കടന്നുള്ള അതിക്രമത്തിനെതിരെ ദേശീയ തലത്തിൽ അടക്കം വൻ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

ജനാധിപത്യത്തിൽ ഇത്തരം അതിക്രമങ്ങൾക്ക് സ്ഥാനമില്ലെന്നും സംഭവത്തിൽ സംസ്ഥാന സർക്കാർ അന്വേഷണത്തിന് തയ്യാറകണമെന്നും പ്രസ് ക്ലബ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. എസ്എഫ്ഐ നടത്തിയത് കേട്ടുകേൾവിയില്ലാത്ത അതിക്രമമെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു. ഭീഷണിയുടെ സ്വരവുമായി മാധ്യമ ഓഫീസിൽ അതിക്രമിച്ചു കടന്നത് ഫാഷിസം ആണെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

എസ്എഫ്ഐ അതിക്രമത്തിനെതിരെ തിരുവനന്തപുരം പ്രസ് ക്ലബും കെയുഡബ്ല്യുജെ ജില്ലാകമ്മിറ്റിയും അടക്കം വിവിധ മാധ്യമ കൂട്ടായ്മകളും സംഘടനകളും ഇന്ന് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. ഏഷ്യാനെറ്റ് ന്യൂസിന് നേരെ നടന്നത് കേരളം പോലെ ജനാധിപത്യ മൂല്യങ്ങൾക്ക് വില നൽകുന്ന ഒരു നാടിന് അംഗീകരിക്കാൻ കഴിയാത്ത് നീക്കമെന്നും, ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും കേരള പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →