ബെവറേജസ് കോർപറേഷനെയും പറ്റിച്ച് അർബൻ സഹകരണ ബാങ്ക്

ചാലക്കുടി: ആറ് ബെവറേജസ് കോർപറേഷൻ ഔട്ട്ലെറ്റുകളിൽ നിന്നുള്ള മൂന്നര കോടി രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി അർബൻ സഹകരണ ബാങ്കിന്റെ തട്ടിപ്പ്. യാതൊരു കരാറുമില്ലാതെ കത്തിടപാടുകളുടെ അടിസ്ഥാനത്തിലായിരു ന്നു ബെവ്കോ ഔട്ട്ലെറ്റുകളിലെ കളക്ഷൻ സ്വീകരിക്കാനുള്ള അനുമതി സഹകരണ സംഘത്തിന് കിട്ടിയത്.

കൊടകര, കോടാലി, മാള, അങ്കമാലി, ആമ്പല്ലൂർ, ചാലക്കുടി എന്നീ ഔട്ട്ലെറ്റുകളിലെ പ്രതിദിന കളക്ഷൻ പ്രതിഫലം കൂടാതെ ബെവ്റേജസ് കോർപറേഷന്റെ ചാലയിലുള്ള അക്കൗണ്ടിലേക്ക് അയച്ചു കൊടുക്കണം എന്നായിരുന്നു ധാരണ. ഇതിനായി ചാലക്കുടി അർബൻ ബാങ്കിൽ ഓരോ റീട്ടെയിൽ ഷോപ്പും കറൻറ് അക്കൗണ്ടുകൾ തുടങ്ങി. എന്നാൽ 2005 ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള സമയത്തെ പണം ബെവ്കോ അക്കൗണ്ടിൽ എത്തിയില്ല.

കളക്ഷൻ നിക്ഷേപിച്ച പേ ഓ‍ർഡറിന്റെ പകർപ്പ്, കാണിച്ചാൽ മാത്രമേ അടുത്ത ദിവസം പണം സഹകരണ ബാങ്കിന് നൽകുകയുള്ളു. ഈ ധാരണ സഹകരണ ബാങ്ക് ലംഘിച്ചു. വ്യാജ രേഖ ഉണ്ടാക്കി റീട്ടെയിൽ ഷോപ്പിൽ കാണിച്ചാണ് മൂന്നര കോടി തട്ടിയത്. ബാങ്ക് പ്രസിഡൻറ് പിപി പോളും സംഘവും ഈ പണം വായ്പയാക്കി സ്വന്തം പോക്കറ്റിൽ എത്തിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. മോഷണം കയ്യോടെ പിടിച്ചതോടെ അഡ്മിനിസ്ട്രേറ്റീവ് സംഘം ഒന്നര കോടി മടക്കി നൽകി. ബാക്കി തുക ഗഡുക്കളായി നൽകാമെന്ന് പോൾ ബെവ്കോ എംഡിക്ക് മുദ്രപത്രത്തിൽ എഴുതി നൽകി. എന്നാൽ നാളിതുവരെ പത്ത് പൈസ തിരിച്ചടച്ചിട്ടില്ല. പലിശയുൾപ്പടെ ഒൻപത് കോടിയാണ് ബെവ്കോക്ക് കിട്ടാനുള്ളത്.

സഹകരണ വകുപ്പുമായോ ബെവ്റേജസ് കോർപറേഷനുമായോ യാതൊരു കരാറിലും ഏർപ്പെടാതെ നടത്തിയ അഴിമതിയിലൂടെ ലാഭമുണ്ടായത് മുൻ പ്രസിഡന്റ് അടക്കമുള്ള ഭരണ സമിതിക്ക് മാത്രമാണ്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെയോ ഭരണസമിതി അംഗങ്ങൾക്കെതിരെയോ നാളിതുവരെ ഒരു നടപടി പോലും ഉണ്ടായിട്ടില്ലെന്നതാണ് വിചിത്രം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →