ത്രിപുരയിലെ സമ്മതിദായകര്‍ അഞ്ചു വര്‍ഷം ഭരണം പൂര്‍ത്തിയാക്കിയ ബി.ജെ.പിക്ക് ഒരു അവസരം കൂടി നല്കി. ബി.ജെ.പിയെ എതിരിടാന്‍ ഒരുങ്ങിയ ഇടത്- കോണ്‍ഗ്രസ് സഖ്യത്തിന് കനത്ത തിരിച്ചടിയാണ് തോല്‍വി. അതേസമയം, കഴിഞ്ഞ തവണത്തെ പൂജ്യത്തില്‍ നിന്നാണ് കോണ്‍ഗ്രസ് വീണ്ടും ത്രിപുര നിയമസഭയിലേക്ക് എത്തുന്നത്. ബിജെപി ഉയര്‍ത്തിയ അതിശക്തമായ വെല്ലുവിളി അതിജീവിച്ച് ഇത്തവണ നേടിയ സീറ്റുകള്‍ പാര്‍ട്ടിക്ക് വലിയ ആശ്വാസമാണ്. 25 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച സിപിഎമ്മിനെ അപ്രസക്തമാക്കിക്കൊണ്ടാണ് 2018ല്‍ വമ്പന്‍ വിജയവുമായി ത്രിപുരയില്‍ ബിജെപി ആദ്യമായി അധികാരത്തിലെത്തിയത്. 60 മണ്ഡലങ്ങളുള്ള ത്രിപുരയില്‍ ബിജെപി 36 സീറ്റുകള്‍ നേടിയപ്പോള്‍ സിപിഎമ്മിന് 16 സീറ്റില്‍ ഒതുങ്ങേണ്ടി വന്നു. ഐപിഎഫ്ടി എട്ട് സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് ചിത്രത്തില്‍ പോലും ഇല്ലായിരുന്നു. 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ത്രിപുരയില്‍ ആകെയുള്ള രണ്ട് സീറ്റിലും ബിജെപി ജയിക്കുക കൂടി ചെയ്തതോടെ ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസും സമ്പൂര്‍ണമായി ത്രിപുരയില്‍ നിന്ന് പുറത്താകുന്ന വക്കിലെത്തി. എന്നാല്‍ 2023ല്‍ എത്തുമ്പോള്‍ അധികാരത്തില്‍ എത്തുക എന്നതിനേക്കാള്‍ ത്രിപുരയുടെ രാഷ്ട്രീയ ചിത്രത്തിലേക്ക് തിരിച്ചെത്തുക എന്നത് മാത്രമായിരുന്നു സിപിഎമ്മും കോണ്‍ഗ്രസും ലക്ഷ്യമിട്ടത്. അതുകൊണ്ടുതന്നെ കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള എതിര്‍പ്പ് മറികടന്ന് ദേശീയ നേതൃത്വത്തിന്റെ നേരിട്ടുള്ള ഇടപെടലോടെ സിപിഎമ്മും കോണ്‍ഗ്രസും കൈകോര്‍ത്തു. ഇത്തവണ സിപിഎമ്മിന് കഴിഞ്ഞ തവണ ലഭിച്ച സീറ്റുകള്‍ ഇത്തവണ നേടാനായില്ല എന്നത് തിരിച്ചടിയാണ്.
2013ലെ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തുപോലും എം.എല്‍.എമാരെ ഇരുത്താന്‍ സാധിക്കാതിരുന്ന ബി.ജെ.പി. ഒറ്റയ്ക്ക് കേവലഭൂരിപക്ഷം മറികടന്നാണ് 2018-ല്‍ ത്രിപുരയില്‍ അധികാരത്തിലെത്തിയത്. ഗോത്രവര്‍ഗ പാര്‍ട്ടിയായ ഐ.പി.എഫ്.ടിയെ ചേര്‍ത്ത് പിടിച്ച് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ ബി.ജെ.പിക്ക് ഒരു അവസരം കൂടിക്കൊടുക്കാന്‍ ത്രിപുരയിലെ വോട്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.
ഇടത് -കോണ്‍ഗ്രസ് സഖ്യത്തിന് തിരിച്ചടിയായ തിപ്രമോത
ത്രിപുരയില്‍ അത്ഭുതം കാട്ടിയത് തിപ്രമോതയാണ്. 12 സീറ്റുകളുമായാണ് തിപ്രമോത എന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടി ത്രിപുരയില്‍ ശക്തി പ്രകടിപ്പിക്കുന്നത്. ത്രിപുരയിലെ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച പ്രദ്യോത് ബിക്രം മാണിക്യ ദേബ് ബര്‍മ 2019ല്‍ തുടങ്ങിയ സാമൂഹിക പ്രസ്ഥാനം 2021ലാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ രൂപത്തിലേക്ക് മാറുന്നത്. സ്വദേശി നാഷണലിസ്റ്റ് പാര്‍ട്ടി ഓഫ് ത്വിപ്ര (ഐഎന്‍പിടി), തിപ്രലാന്സ് സംസ്ഥാന പാര്‍ട്ടി (ടിഎസ്പി ), ഐപിഎഫ്ടി (തിപ്ര) എന്നി രാഷ്ട്രീയ പാര്‍ട്ടികളെ 2021ല്‍ ലയിപ്പിച്ചാണ് തിപ്രഎന്ന രാഷ്ട്രീയ പ്രസ്ഥാനം രൂപം കൊള്ളുന്നത്. കമ്മ്യൂണിസ്റ്റുകാര്‍ക്കൊപ്പം ചേരാന്‍ താല്പര്യമില്ലെന്ന് നേരത്തെ പ്രഖ്യാപിച്ച മുന്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ പ്രദ്യോത് ദേബ് ബര്മന് ബിജെപിക്കൊപ്പം ചേരാനാണ് തുടക്കം മുതല്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നത്. എന്നാല്‍ ഉറപ്പുകള്‍ എഴുതിത്തരുന്നവര്‍ക്ക് പിന്തുണ നല്‍കാമെന്നാണ് തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം തിപ്രമോത നേതാവ് പ്രദ്യോത് ദേബ് ബര്മന് നിലപാട് സ്വീകരിച്ചത്.
2021 ഏപ്രിലിലെ ത്രിപുര ട്രൈബല്‍ ഏരിയ ഡിസ്ട്രിക്ട് ഓട്ടോണമസ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ തിപ്ര മോത്ത പാര്‍ട്ടി സിപിഎമ്മിനെയും ബിജെപിയെയും നിലംപരിശാക്കിയിരുന്നു.28 കൗണ്‍സില്‍ സീറ്റില്‍ 18 എണ്ണത്തിലും തിപ്ര മോത്ത പാര്‍ട്ടി ജയിച്ചു. ബിജെപി ഒന്‍പതു സീറ്റില്‍ ഒതുങ്ങി. സിപിഎമ്മിന് ഒരു സീറ്റ് പോലും നേടാനായില്ല. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി 2022ല്‍, എന്‍ഡിഎ സഖ്യത്തിലെ അഞ്ച് ബിജെപി എംഎല്‍എമാരും ബിജെപി സഖ്യകക്ഷിയായ ഇന്‍ഡിജിനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുരയിലെ (ഐപിഎഫ്ടി) മൂന്ന് എംഎല്‍എമാരും രാജിവച്ചിരുന്നു. ഇതില്‍ ആറു പേര് ചേക്കേറിയത് തിപ്ര മോത്ത പാര്‍ട്ടിയില്‍. മൂന്നു പേര് കോണ്‍ഗ്രസിലും ചേര്‍ന്നു. ഒരാള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇതിനു പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അരങ്ങേറ്റം കുറിച്ച തിപ്ര മോത്ത പാര്‍ട്ടി 42 സീറ്റില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയത് എന്‍ഡിഎ, ഇടതുകോണ്‍ഗ്രസ് സഖ്യങ്ങളെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരുന്നു. 20,000 തൊഴിലവസരം, ട്രൈബല്‍ കൗണ്‍സിലിനായി പൊലീസ് സേന എന്നീ വാഗ്ദാനങ്ങളുള്‍പ്പെടെയായിരുന്നു തിപ്ര മോത്ത പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക. പൊലീസ് സേനയ്ക്കായി 6,000 യുവാക്കളെ റിക്രൂട്ട് ചെയ്യുമെന്നും ഗ്രേറ്റര്‍ തിപ്രലാന്‍ഡിനായി പോരാടുമെന്നും പത്രികയില്‍ വ്യക്തമാക്കുന്നുണ്ട്. 1.2 ദശലക്ഷം ജനസംഖ്യയുള്ള ത്രിപുരയുടെ 10,491 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും ത്രിപുര ട്രൈബല്‍ ഏരിയ ഡിസ്ട്രിക്ട് ഓട്ടോണമസ് കൗണ്‍സിലിന്റെ നിയന്ത്രണ പരിധിയിലാണ്. അതില്‍ 90% ഗോത്രവിഭാഗക്കാര്‍. ഇവിടെ 20 നിയമസഭാ സീറ്റുണ്ട്. ഈ സീറ്റുകള്‍ കേന്ദ്രീകരിച്ചായിരുന്നു തിപ്ര മോത്തയുടെ പ്രചാരണം. ഈ സീറ്റുകളിലാണ് പാര്‍ട്ടി മുന്നേറിയതും.

