മേഘാലയയില്‍ കരുത്തുതെളിയിച്ച് എന്‍.പി.പി, വരവറിയിച്ച് തൃണമൂല്‍

മേഘാലയ നിയമസഭാ തിരഞ്ഞെടുപ്പില്‍ കരുത്തുതെളിയിച്ച് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍.പി.പി.). എന്‍.പി.പി. മുഖ്യകക്ഷിയായ എന്‍.ഡി.എ. സഖ്യകക്ഷി രൂപവത്കരിക്കപ്പെടാനാണ് സാധ്യത. സഖ്യത്തില്‍നിന്ന് മാറി ഒറ്റയ്ക്ക് മുഴുവന്‍ സീറ്റിലും മത്സരിച്ച ബി.ജെ.പിയ്ക്ക് മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്നായിരുന്നു എക്സിറ്റ് പോളുകളുടെ പ്രവചനം. എന്നാല്‍ അത് സാധ്യമായില്ല. 60 അംഗ നിയമസഭയിലെ 59 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 27 മണ്ഡലങ്ങളില്‍ എന്‍.പി.പി. ആധിപത്യം പുലര്‍ത്തുകയാണ്. കേവലഭൂരിപക്ഷത്തിനോട് അടുത്തുനില്‍ക്കുന്ന എന്‍.പി.പിയുമായി ചേര്‍ന്ന് ബി.ജെ.പി. സഖ്യസര്‍ക്കാര്‍ രൂപവത്കരിക്കാനാണ് സാധ്യത. മുഴുവന്‍ സീറ്റുകളിലും തനിച്ച് മത്സരിച്ചെങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ബി.ജെ.പിക്ക് സാധിച്ചിരുന്നില്ല. 2018-ല്‍ രണ്ടു സീറ്റിലാണ് ബി.ജെ.പി. വിജയിച്ചത്. ഇക്കുറി നാല് സീറ്റിലാണ് അവര്‍ മുന്നേറുന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന കോണ്‍ഗ്രസ്, ദയനീയ പ്രകടനാണ് ഇത്തവണ കാഴ്ചവെച്ചത്. 2018-ല്‍ 21 സീറ്റ് നേടിയ കോണ്‍ഗ്രസ് വെറും അഞ്ച് സീറ്റിലാണ് ഇപ്പോള്‍ ലീഡ് ചെയ്യുന്നത്. ഒരു പറ്റം എംഎല്‍എമാര്‍ പലപ്പോഴായി ബിജെപിയില്‍ ചേക്കേറി. ശേഷിക്കുന്ന എംഎല്‍എമാരുമായി മുന്‍ മുഖ്യമന്ത്രി മുകുള്‍ സാങ്മയുടെ കോണ്‍ഗ്രസ് വിട്ട് തൃണമൂലിലേക്കും പോയി. അതോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന കോണ്‍ഗ്രസിന് ഇത്തവണ തിരഞ്ഞെടുപ്പിലേക്കെത്തുമ്പോള്‍ സഭയില്‍ ഒറ്റ എംഎല്‍എ പോലുമില്ലാതിരുന്നു.

മേഘാലയ പി.സി.സി. അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ വിന്‍സെന്റ് എച്ച്. പാല സുത്ങ-സായ്പങ് മണ്ഡലത്തില്‍ പരാജയപ്പെട്ടു. എന്‍.പി.പിയുടെ സാന്റാ മേരി ഷൈല്ലയാണ് വിന്‍സെന്റിനെ പരാജയപ്പെടുത്തിയത്. 2018ല്‍ കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷിയെങ്കിലും തിരഞ്ഞെടുപ്പിന് പിന്നാലെ രൂപംകൊണ്ട മേഘാലയ ഡെമോക്രാറ്റിക് അലയന്‍സാണ് ഭരണംപിടിച്ചെടുത്തത്. എന്‍.പി.പിയ്ക്കും ബി.ജെ.പിയിക്കും പുറമേ യു.ഡി.പി.,പി.ഡി.എഫ്., എച്ച്.എസ്.പി.ഡി.പി. തുടങ്ങിയവരായിരുന്നു സഖ്യത്തിലെ പ്രധാന കക്ഷികള്‍. കഴിഞ്ഞ തവണ ആറ് സീറ്റുകളിലാണ് യു.ഡി.പി. വിജയിച്ചത്. ഇത്തവണയും വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആറു മണ്ഡലങ്ങളില്‍ യു.ഡി.പി. ലീഡ് ചെയ്യുകയാണ്.

തൃണമൂലിന്റെ വരവ്

ബംഗാളിന് പുറത്തേക്കും വലിയ പാര്‍ട്ടിയായി മാറുക എന്ന തൃണമൂലിന്റെ ലക്ഷ്യത്തിന് ആദ്യ സൂചനയാണ് മേഘാലയയിലെ തൃണമൂല്‍ ജയം. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ 15 സീറ്റുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ലീഡ് ചെയ്തിരുന്നു. കോണ്‍ഗ്രസ് പൂര്‍ണമായും തകര്‍ന്നതോടെ ശക്തമായ പ്രതിപക്ഷമായി മാറിയ തൃണമൂല്‍ കോണ്‍ഗ്രസ് ഈ തെരഞ്ഞെടുപ്പില്‍ നേടുന്ന വോട്ടുകള്‍ അവരുടെ രാഷ്ട്രീയ തന്ത്രങ്ങളുടെ നേട്ടമാണ്. മമത ബാനര്‍ജി നേരിട്ടിറങ്ങി തെരഞ്ഞെടുപ്പ് പ്രചാരണം നയിച്ചു. പ്രചാരണത്തില്‍ മമത ബാനര്‍ജി മേഘാലയയിലെ ജനങ്ങള്‍ക്ക് നല്‍കിയത്. 2018ലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ മേഘാലയയുടെ തെരഞ്ഞെടുപ്പ് ചിത്രത്തില്‍ പോലുമില്ലാതിരുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് എംഎല്‍എമാരും നേതാക്കന്‍മാരും ബിജെപിയിലേക്ക് ചേക്കേറിത്തുടങ്ങിയപ്പോള്‍ 2021 നവംബറില്‍ മുന്‍ മുഖ്യമന്ത്രിയായിരുന്ന മുകുള്‍ സാങ്മയും 11 എംഎല്‍എമാരും തൃണമൂല്‍ കോണ്‍ഗ്രസായി.

Share
അഭിപ്രായം എഴുതാം