പാരീസ്: സ്വപ്നം സഫലമാക്കി കഴിഞ്ഞവര്‍ഷം ഫുട്‌ബോള്‍ ലോകകിരീടം സ്വന്തമാക്കിയ ലയണല്‍ മെസിയും അര്‍ജന്റീനയും തിളങ്ങി ഫിഫ ബെസ്റ്റ് പുരസ്‌കാരവേദി. കഴിഞ്ഞ വര്‍ഷത്തെ മികച്ച പുരുഷ ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ ബെസ്റ്റ് പുരസ്‌കാരം മെസി കരസ്ഥമാക്കിയതുള്‍പ്പെടെ അര്‍ജന്റീന നേടിയത് നാലു പുരസ്‌കാരങ്ങള്‍. മികച്ച ഗോള്‍കീപ്പറായി എമിലിയാനോ മാര്‍ട്ടിനസ്, മികച്ച പരിശീലകനായി ലയണല്‍ സ്‌കലോണി എന്നിവര്‍ക്കു പുറമേ മികച്ച ആരാധകര്‍ക്കുള്ള സമ്മാനവും അര്‍ജന്റീനയ്ക്കാണ്.
ക്ലബ് ഫുട്‌ബോളില്‍ 700 ഗോളുകളുടെ സുവര്‍ണനേട്ടം സ്വന്തമാക്കി 24 മണിക്കൂറിനുള്ളിലാണ് ലയണല്‍ മെസിക്ക് ഫിഫ പുരസ്‌കാരവും സ്വന്തമായത്. ബാലണ്‍ ഡി ഓര്‍ സംഘാടകരായ ഫ്രാന്‍സ് ഫുട്‌ബോളുമായി വേര്‍പിരിഞ്ഞ് ഫിഫ സ്വന്തം നിലയ്ക്ക് പുരസ്‌കാരം ഏര്‍പ്പെടുത്തിയശേഷം ഇതു രണ്ടാം വട്ടമാണ് മെസി സമ്മാനിതനാകുന്നത്. 2019-ലാണ് ഇതിനുമുമ്പ് മെസി ഫിഫ ബെസ്റ്റ് പുരസ്‌കാരം നേടിയത്.
ഇതോടെ നേട്ടത്തില്‍ പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ (2026, 2017), പോളണ്ടിന്റെ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി (2020, 2021) എന്നിവര്‍ക്കൊപ്പമെത്താനും മെസിക്കായി. ഏഴുവട്ടം ബാലണ്‍ ഡി ഓര്‍ അവാര്‍ഡ് ജേതാവുകൂടിയാണു മെസി.
പാരീസ് സെയ്ന്റ് ജെര്‍മെയിനി(പി.എസ്.ജി)ല്‍ സഹതാരമായ ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെ, റയാല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് താരം കരിം ബെന്‍സെമ എന്നിവരെ പിന്തള്ളിയാണ് അര്‍ജന്റീനയുടെ സ്വന്തം മിശിഹ പുരസ്‌കാരം സ്വന്തംപേരിലാക്കിയത്.
ദേശീയടീം പരിശീലകര്‍, ക്യാപ്റ്റന്മാര്‍, മാധ്യമപ്രവര്‍ത്തകര്‍, ആരാധകര്‍ എന്നിവരുടെ വോട്ടിങ്ങിലൂടെയാണ് ഫിഫ ബെസ്റ്റ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. ഖത്തര്‍ ലോകകപ്പിലെ ആദ്യമത്സരത്തില്‍ സൗദി അറേബ്യയോടു തോറ്റ ടീമിനെ ഫൈനലില്‍ കടത്തി ഫ്രാന്‍സിനെ പെനാല്‍റ്റിഷൂട്ടൗട്ടില്‍ മുട്ടുകുത്തിച്ച് അര്‍ജന്റീനയ്ക്കു കിരീടം സമ്മാനിക്കുന്നതില്‍ മെസിയുടെ പങ്ക് നിസ്തുലമായിരുന്നു. ഈ മാസ്മരികപ്രകടനത്തിന് 2022-ലെ മികച്ച താരത്തിനുള്ള പുരസ്‌കാരങ്ങള്‍ മെസി തന്റെ ഷെല്‍ഫിലെത്തിക്കുമെന്നു കരുതിയവരുടെ പ്രതീക്ഷ അസ്ഥാനത്താക്കാതെയാണ് ഫിഫ പ്രഖ്യാപനം.
ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ മെസിയുടെ രണ്ടുഗോള്‍ നേട്ടത്തിന് ഹാട്രിക്കുമായി മറുപടി പറഞ്ഞ കിലിയന്‍ എംബാപ്പെയ്ക്ക് ഫിഫ പുരസ്‌കാരപ്രഖ്യാപനത്തില്‍ അര്‍ജന്റീന താരത്തിനു പിന്നിലെത്താനേ സാധിച്ചുള്ളൂ. റയാല്‍ മാഡ്രിഡിനൊപ്പം മികച്ച പ്രകടനം കാഴ്ചവച്ച കരിം ബെന്‍സെമയ്ക്കു പക്ഷേ, പരുക്കുമൂലം ലോകകപ്പ് നഷ്ടമായതു തിരിച്ചടിയായി.

