ന്യൂഡല്‍ഹി: ഭീകരബന്ധം സംശയിച്ച് കസ്റ്റഡിയിലെടുത്ത ഇന്‍ഡോര്‍ സ്വദേശിയായ യുവാവിനെ മധ്യപ്രദേശ് പോലീസും മഹാരാഷ്ട്രാ ഭീകരവിരുദ്ധ വിഭാഗവും (എ.ടി.എസ്.) ചോദ്യം ചെയ്യുന്നു. ചൈനക്കാരിയെ വിവാഹം കഴിച്ച് ഒന്നര പതിറ്റാണ്ടോളം ചൈനയില്‍ ജീവിച്ച യുവാവിനെയാണ് വിവിധ ഭീകര സംഘടനകളുമായഗ്ന ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഇന്‍ഡോര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ദേശീയ അന്വേഷണ ഏജന്‍സി(എ.എന്‍.ഐ)യും മുംബൈ പോലീസും നല്‍കിയ വിവരത്തെ തുടര്‍ന്നാണ് സര്‍ഫറാസ് മേമന്‍ എന്നയാളെ കസ്റ്റിഡിയിലെടുത്തത്.
അതേസമയം, വിവാഹമോചനവുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ ഭാഗമായി ഭാര്യ കെട്ടിച്ചമച്ചതാണ് തനിക്കെതിരായ ആരോപണമെന്നാണ് സര്‍ഫറാസിന്റെ വിശദീകരണം. സര്‍ഫറാസ് എന്നൊരാള്‍ മുംബൈയില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി എന്‍.ഐ.എയ്ക്ക് അടുത്തിടെ ഇമെയില്‍ സന്ദേശം ലഭിച്ചിരുന്നു. തുടര്‍ന്ന് എന്‍.ഐ.എയും മുംബൈ പോലീസും സര്‍ഫറാസിനെ കുറിച്ചുള്ള വിവരങ്ങള്‍ മധ്യപ്രദേശ് പോലീസിന് കൈമാറി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ഇയാള്‍ വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യുന്ന വ്യക്തിയാണ്. 2005 മുതല്‍ 2018 വരെ ഇയാള്‍ ചൈനയിലാണ് ജീവിച്ചത്. കുറച്ചു കാലം ഇയോള്‍ ഹോങ്കോങ്ങിലും ഉണ്ടായിരുന്നതായി പറയുന്നു. ഇയാളുടെ ചൈനീസ് വംശജയായ ഭാര്യ വിവാഹമോചനത്തിന് ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. സര്‍ഫറാസിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ചു വരികയാണെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം, വിവാഹമോചനവുമായി ബന്ധപ്പെട്ട് താനും ഭാര്യയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്ന് സര്‍ഫറാസ് വിശദീകരിച്ചു. അതിനിടെ ഭാര്യയുടെ അഭിഭാഷകനുമായി വഴക്കിടേണ്ട സാഹചര്യമുണ്ടായി. അതിന്റെ ഭാഗമായി ഭാര്യയും അഭിഭാഷകനും ചേര്‍ന്ന് മെനഞ്ഞെടുത്ത തിരക്കഥയാണിത്. അവരാണ് എന്‍.ഐ.എയ്ക്ക് വ്യാജ സന്ദേശം അയച്ചതിനു പിന്നിലെന്നും സര്‍ഫറാസ് പോലീസിനോടു പറഞ്ഞു.

