തിരുവല്ല: തിരുവല്ല നഗരമധ്യത്തിലെ ത്രീസ്റ്റാര്‍ ഹോട്ടലില്‍ ജീവനക്കാരിയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ നെടുമ്പ്രം സ്വദേശിയായ യുവാവ് പിടിയില്‍.
നെടുമ്പ്രം വൈപ്പനിയില്‍ വീട്ടില്‍ ജോമി മാത്യു(45)വാണ് പിടിയിലായത്. ഇന്നലെ രാവിലെ 11 നായിരുന്നു സംഭവം. ഹോട്ടലില്‍ മുറിയെടുത്തു തമാസിക്കുകയായിരുന്നു ജോമി. ഇന്നലെ രാവിലെ മുറി വൃത്തിയാക്കാനെത്തിയ ജീവനക്കാരി അല്‍പ്പനേരത്തേക്ക് പുറത്തേക്ക് ഇറങ്ങാന്‍ ജോമിയോട് ആവശ്യപ്പെട്ടു. ഇതോടെ, മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്ന ജോമി ജീവനക്കാരിയെ കൈയേറ്റം ചെയ്‌തെന്നും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി ജീവനക്കാരിക്ക് നേരേ തോക്ക് ചൂണ്ടിയെന്നുമാണു പരാതി.
ജീവനക്കാരി ബഹളംവച്ചതോടെ മറ്റ് ജീവനക്കാര്‍ ഓടിയെത്തി ജോമിയെ കീഴ്‌പ്പെടുത്തി. പിന്നീട് തിരുവല്ല പോലീസിനു കൈമാറുകയായിരുന്നു. ലൈസന്‍സ് ആവശ്യമില്ലാത്ത കൈത്തോക്കാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നതെന്ന് പോലിസ് പറഞ്ഞു.