കൊല്ലം: സംസ്ഥാനതല റവന്യു ദിനാഘോഷം, ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന സമ്മേളനം എന്നിവയുടെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരേ വഴിനീളെ കരിങ്കൊടിപ്രതിഷേധം. കൊല്ലം, കൊട്ടിയം, തട്ടാമല, മാടന്‍നട, പാരിപ്പള്ളി, എസ്.എന്‍. കോളജ് ജങ്ഷന്‍ എന്നിവിടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ്, ആര്‍.വൈ.എഫ്, യുവമോര്‍ച്ച പ്രവര്‍ത്തകരാണ് കരിങ്കൊടി വീശിയത്.
കൊട്ടിയത്തു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഫൈസല്‍ കുളപ്പാടത്തിന്റെ നേതൃത്വത്തില്‍ കരിങ്കൊടി കാണിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതു സംഘര്‍ഷത്തിനു കാരണമായി. മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനത്തില്‍നിന്നു ലാത്തി വീശിയതിനെത്തുടര്‍ന്ന് ഒരു പ്രവര്‍ത്തകനു പരുക്കേറ്റു. ഫൈസല്‍ കുളപ്പാടം, ശരത് മോഹന്‍, കൊട്ടിയം സാജന്‍, അനസ് ഇരവിപുരം, ഹെസെന്‍ പള്ളിമുക്ക്, അന്‍വര്‍ സുള്‍ഫിക്കര്‍ തുടങ്ങിയവരെ പോലീസ് അറസ്റ്റ് ചെയ്തു.
മേവറത്തു യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിമാരായ അനില്‍ കിളികൊല്ലൂരിന്റെയും റിനോസ് ഷായുടെയും നേതൃത്വത്തില്‍ കരിങ്കൊടി കാണിച്ചു.
തട്ടാമലയില്‍ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.എസ്. അബിന്‍, ഇരവിപുരം അസംബ്ലി പ്രസിഡന്റ് പിണയ്ക്കല്‍ ഫൈസ്, സേവാദള്‍ ജില്ലാ സെക്രട്ടറി അയത്തില്‍ ശ്രീകുമാര്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അമല്‍ ജോണ്‍ ജോസഫ് എന്നിവരെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു. കരുതല്‍ തടങ്കലില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഇരവിപുരം പോലീസ് സ്‌റ്റേഷനില്‍ നിലത്തു കുത്തിയിരുന്നു മണിക്കൂറുകളോളം പ്രതിഷേധിച്ചു. തുടര്‍ന്നു യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും നടന്നു.
കരുനാഗപ്പള്ളിയില്‍നിന്നു ചവറയിലേക്കു വരികയായിരുന്ന യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് കാര്‍ത്തിക് ശശിയെയും സഹപ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്തു ചവറ പോലീസ് സ്‌റ്റേഷനില്‍ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചു. കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. ഫെബായെയും അഡ്വ. വഹീദായെയും അറസ്റ്റ് ചെയ്ത് ഈസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ കരുതല്‍ തടങ്കലിലാക്കി. കൊല്ലത്ത് 33 പേരെയാണ് കരുതല്‍ തടങ്കലിലാക്കിയത്.

